കോട്ടയം: ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടു പിടിക്കാനുള്ള സർക്കാർ ലാബിന് എൻ.എ.ബി.എൽ ( നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെയ്ഗ്‌റ്റിംഗ് ആൻഡ് കാലിബ്രേഷൻ ) അംഗീകാരം ലഭിക്കാത്തതിനാൽ മദ്ധ്യകേരളത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടക്കാത്തത് ഭക്ഷ്യവിഷബാധയ്ക്കു വഴിയൊരുക്കിയേക്കും.
ശബരിമല സീസണിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഭക്ഷ്യ വസ്തുക്കളിൽ മായം ചേർത്തു വിറ്റു ലാഭം കൊയ്യുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ശബരിമലയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ പുതിയ ലാബ് കഴിഞ്ഞ വർഷം ആരംഭിച്ചത്. സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരെ നിയമിക്കാതെ മിനിസ്റ്റീരിയൽ ജീവനക്കാരെ മാത്രം നിയമിച്ചതോടെ എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചില്ല. ഈ അംഗീകാരമില്ലാതെ കേസെടുക്കാൻ കഴിയില്ല. ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യ വസ്തുക്കളോ ഹോട്ടലിനിന്നുള്ള ആഹാര സാധനങ്ങളോ പിടിച്ചാലും പിഴ ഈടാക്കാനേ കഴിയുന്നുള്ളൂ. എന്തു മായം ചേർത്താലും ചെറിയ തുക പിഴ അടച്ചാൽ കേസില്ലാതാക്കാൻ കഴിയുമെന്നത് അമിത മായം ചേർക്കുന്നവർക്ക് സഹായകമാകുന്നു.
ടെക്നിക്കൽ സ്റ്റാഫുകളെ നിയമിക്കാത്തതാണ് പ്രശ്നം
ടെക്നിക്കൽ സ്റ്റാഫ് നിയമനത്തിന് പി.എസ്.സി ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടു മാസങ്ങളായെങ്കിലും നിയമനം നടത്താത്തതാണ് അംഗീകാരത്തിനു തടസം.
ഇതു സംബന്ധിച്ച ഫയൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാരണം ധനകാര്യ വകുപ്പിന്റെ ചുവപ്പു നാടയിൽ കുടുങ്ങി കിടക്കുകയാണ്.
നിലവിൽ തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലുമാണ് എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബ് പ്രവർത്തിക്കുന്നത്.
പരിശോധനാ സാമ്പിളുകളുടെ എണ്ണം കൂടുന്നതിനാൽ ഫലം ലഭിക്കാൻ മാസങ്ങളെടുക്കും.
അടുത്ത ശബരിമല സീസണു മുമ്പ് പത്തനംതിട്ടയിലെ ലാബിന്അംഗീകാരം ലഭിക്കുന്നില്ലെങ്കിൽ മണ്ഡല സീസണിൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർത്തു വിറ്റു വൻ ലാഭം കൊയ്യുന്നവർക്കാകും നേട്ടമാകുക.
മണ്ഡലകാലം ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ ഭക്ഷ്യ സാമ്പിളുകൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ പത്തനംതിട്ടയിലുള്ള ലാബിന് അംഗീകാരം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ലാബിന് അംഗീകാരം നേടിയെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ആരോഗ്യ ദേവസ്വം വകുപ്പു മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.
എബി ഐപ്പ്, ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |