മലപ്പുറം: കഴിഞ്ഞ വർഷം ട്രോളിംഗിന് പിന്നാലെ കടൽ കോരിത്തന്ന ചാകരയുടെ സന്തോഷം ഇത്തവണ തീരത്തില്ല. ട്രോളിംഗ് അവസാനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും വലിയതോതിൽ ലഭിക്കാറുള്ള മത്തിയുൾപ്പെടെ കിട്ടാക്കനിയായതോടെ കടുത്ത പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും നിരാശയോടെയാണ് ഹാർബറിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം പൊന്നാനി, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് പോയ ബോട്ടുകൾക്ക് ചെറിയ അയലയും കിളിമീനും മാത്രമാണ് കിട്ടിയത്. ഇതുതന്നെ ലഭിക്കാത്ത ബോട്ടുകളാണ് ഏറെയും. മൊത്തവില കിലോയ്ക്ക് 70-75 വരെയാണ് ചെറിയ അയലയ്ക്ക് ലഭിച്ചത്. കിളിമീനിന് 130 രൂപയും.എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി മഴ കുറയുകയും പുഴകളിൽ ഒഴുക്കില്ലാതാവുകയും ചെയ്തതോടെ അഴിമുഖങ്ങളും തീരക്കടലും ഒരുപോലെ ചൂടുപിടിച്ചു. സമുദ്രോപരിതലത്തിലെ ചൂട് പരിധിക്കപ്പുറം ഉയരുന്ന 'മറൈൻ ഹിറ്റ്‌വേവ്' മൂലം ജലോപരിതലത്തിൽ സഞ്ചരിച്ചിരുന്ന മത്തി, അയല, ചെമ്മീൻ തുടങ്ങിയ മീനുകൾ കടലിന്റെ ആഴത്തിലുള്ള അടിത്തട്ടിലേക്ക് മാറിയിട്ടുണ്ട്. ഉപരിതലത്തിലെ മീനുകളെ മാത്രം പിടിക്കാൻ ശേഷിയുള്ള വലകളുമായി പോകുന്ന പാരമ്പര്യ മത്സ്യത്തൊഴിലാളികൾക്കാണ് ഇത് വലിയ പ്രഹരമായത്.
മിനീന് തീവില
ഹാർബറുകളിൽ നിന്ന് ചില്ലറ വിപണിയിൽ എത്തുമ്പോഴേക്കും മീൻവില തീപ്പിടിച്ച നിലയിലാണ്.
വില സാധാരണക്കാരന് തൊടാൻ കഴിയാത്ത ഉയരത്തിലാണ്.
കേരളതീരത്തെ നിലവിലെ മീൻക്ഷാമത്തിന് പിന്നിൽ സമുദ്രത്തിലുണ്ടായ പാരിസ്ഥിതിക വ്യതിയാനമാണെന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
മീൻ................................... കിലോയ്ക്ക്
ചെറിയ അയല.................. 140 - 160
മത്തി ................................. 250 -280
വലിയ അയല .................. 250-300
ആവോലി ......................... 800-900
നെയ്മീൻ .......................... 1,100 -1,300
മാന്തൾ (ഇടത്തരം) ....... 200 - 250
നത്തോലി ..................... 120 -130
ട്രോളിംഗ് കഴിഞ്ഞതിന് ശേഷം സാധാരണഗതിയിൽ കാര്യമായി മീൻ ലഭിക്കാറുണ്ട്. ഏതാനം ദിവസം കിളിമീൻ ലഭിച്ചതല്ലാതെ പിന്നെ കാര്യമായി ഒന്നും കിട്ടിയിട്ടില്ല. മത്തിയും വലിയ അയലയും കാണാനേയില്ല. ചെറിയ അയലയാണ് കുറച്ചെങ്കിലും കിട്ടുന്നത്. ഇതിന് വിലയുമില്ല.
സി.അബ്ബാസ്, മത്സ്യത്തൊഴിലാളി, താനൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |