SignIn
Kerala Kaumudi Online
Sunday, 31 May 2026 12.51 AM IST

സഹായം കാത്ത് വൃക്ക രോഗികൾ പാതി വഴിയിൽ നിലച്ച് പദ്ധതികൾ

kidney

കണ്ണൂർ: ഡയാലിസിസ് നടത്തിയവർക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനായി ആറുവർഷം മുമ്പ് കണ്ണൂർ ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച സ്‌നേഹജ്യോതി പദ്ധതി രണ്ടുവർഷം മുമ്പ് നിലച്ചു. കാരുണ്യ, കാസ്പ് ഇൻഷൂറൻസ് പദ്ധതികൾ നിലച്ചു. ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം നിശ്ചിത തുക നൽകുമെന്ന സർക്കാർ വാഗ്ദാനവും എങ്ങുമെത്തിയില്ല.ചുരുക്കത്തിൽ പ്രഖ്യാപിച്ചതും നടപ്പിലാക്കിയിരുന്നതുമായ സഹായ പദ്ധതികളെല്ലാം നിലച്ച് ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് വൃക്കരോഗികൾ.

വൻസാമ്പത്തിക ബാദ്ധ്യത വരുന്ന ചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാത്ത സ്ഥിതിയിലാണ് ഇവരിൽ ഭൂരിഭാഗം പോരും. ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച സ്നേഹജ്യോതി വലിയ ആശ്വാസമായിരുന്നു വൃക്കരോഗികൾക്ക്. പദ്ധതി വഴി വിലകൂടിയ മരുന്നുകൾ സൗജന്യമായാണ് രോഗികൾക്ക് ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷത്തോളമായി ഈ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്.സ്റ്റോക്ക് തീർന്ന മരുന്നുപോലും ജില്ലാ പഞ്ചായത്തിൽ എത്തിക്കുന്നില്ല. ഫണ്ടില്ലാത്തതിനാലാണ് മരുന്നെത്തിക്കാൻ സാധിക്കാത്തത് എന്നതാണ് അധികൃതരുടെ വിശദീകരണം.വൃക്ക മാറ്റിവച്ചവർക്ക് നൽകിയിരുന്ന രണ്ട് ഗുളികകളിൽ ഒന്നുമാത്രമാണ് വല്ലപ്പോഴുമായി പദ്ധതി വഴി ഇപ്പോൾ ലഭിക്കുന്നത്.

ഡയാലിസിസിന് പ്രതിമാസം 18000 രൂപയോളമാണ് നിലവിൽ ചിലവ്. രോഗികളെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടിവരുമ്പോൾ ചിലവ് ഇതിലും കൂടും. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നിർദ്ധനവിഭാഗത്തിൽ പെട്ട രോഗികളിൽ പലരും ചികിത്സ നടത്തുന്നത്.

കണ്ണൂർ ജില്ലയിൽ

വൃക്കരോഗികൾ 5000

ഡയാലിസിസ് ചെയ്യുന്നവർ 2000

വൃക്ക മാറ്റിവച്ചവർ 400

ഡയാലിസിസ് മാസച്ചിലവ് ₹18000

സ്നേഹജ്യോതി സഹായം ലഭിച്ചിരുന്നവർ 230

പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർ 500

വൃക്കമാറ്റിവച്ചവർക്ക് ദിനംപ്രതി വേണം ₹140

വൃക്ക മാറ്റി വച്ച രോഗികൾക്ക് പ്രതിരോധ ശേഷിക്കായി റെൻഗ്രാഫ്, പാൻഗ്രാഫ്, സെൽസെപ്റ്റ്, ടാകോ ഗ്രാഫ് എന്നീ ഗുളികളാണ് നൽകുന്നത്. മെഡിക്കൽ ഷോപ്പുകളിൽ ഒരു ഗുളികയ്ക്ക് 70 രൂപ വിലയുണ്ട് . രണ്ട് ഗുളികകളാണ് ഒരുദിവസം കഴിക്കേണ്ടത്.

പിറകോട്ട് വലിഞ്ഞ് തദ്ദേശസ്ഥാപനങ്ങൾ

വൃക്കരോഗികളെ സഹായിക്കുന്നതിന് ഒരു ഘട്ടത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങിയിരുന്നു.എന്നാൽ ഇപ്പോൾ ഇതിൽ നിന്ന് ഇവ പിറകോട്ട് വലിയുകയാണെന്ന് കിഡ്നികെയർ കേരള അടക്കമുള്ള സംഘടനകൾ വെളിപ്പെടുത്തുന്നു. ഒരു പഞ്ചായത്തിന് കീഴിൽ പരമാവധി ഇരുപത് വൃക്കരോഗികളുണ്ടെന്നാണ് കണക്ക്. ഇവർക്ക് കൃത്യമായി ഡയാലിസിനും മരുന്നു വാങ്ങാനുമുള്ള ഫണ്ട് നൽകിയാൽ രോഗികളുടെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാം.


തദ്ദേശസ്ഥാപനങ്ങൾ അതാത് പ്രദേശങ്ങളിലെ വൃക്കരോഗികളുടെ വിവരശേഖരണം നടത്തണം. അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് ഫണ്ട് മാറ്റിവെക്കണം.തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയ്യെടുത്താൻ രോഗികളുടെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം-

പി.പി .കൃഷ്ണൻ ,ചെയർമാൻ, കിഡ്നികെയർ കേരള

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL