മട്ടന്നൂർ: ഫയലിൽ മാത്രമൊതുങ്ങിയ കണ്ണൂർ വിമാനത്താവളം റൺവേ 4000 മീറ്ററായി വികസിപ്പിക്കുമെന്ന എൽ.ഡി.എഫ് സർക്കാറിന്റെ പ്രഖ്യാപനം പുതിയ സർക്കാർ പൊടിതട്ടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. അതേസമയം, പുതിയ സർക്കാറിന് ഏറെ വെല്ലുവിളി ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധി റൺവേ വികസന കാര്യത്തിൽ ബാധിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
അന്നത്തെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 3050 മീറ്റർ റൺവേ പൂർത്തീകരിച്ച് പരീക്ഷണ പറക്കൽ നടത്തിയ ദിവസം അന്ന് പ്രതിപക്ഷത്ത് ഉണ്ടായിരുന്ന എൽ.ഡി.എഫ് 4000 മീറ്റർ ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട വിമാനത്താവളം ഗെയിറ്റിൽ വൻ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
പിന്നീട് വന്ന് എൽ.ഡി.എഫ് സർക്കാർ 4000 മീറ്റർ റൺവേ ആക്കി മാറ്റിയതിനു ശേഷം മാത്രമെ വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്തുവർഷം ഭരണത്തിൽ തുടർന്നെങ്കിലും റൺവേക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടി പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഭൂമി ഏറ്റെടുക്കാൻ പ്രധാനമായും തടസമായത് സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. കോടിക്കണക്കിനു രൂപ ചിലവഴിച്ചാൽ മാത്രമെ സ്ഥലം ഏറ്റെടുക്കാൻ സാധിക്കൂ. നിലിവലുള്ള സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഇനിയും നീണ്ടു പോവാനാണ് സാദ്ധ്യത.
4000 മീറ്റർ ആവുന്നതോടെ ഹൈദരാബാദ്, മുംബയ്, ബംഗളൂരു തുടങ്ങിയ വിമാനത്താവളത്തിന്റെ അതേ പദവിയാകും കണ്ണൂരിനും.
900 കോടി
റൺവേയുടെ നീളം 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിന് കീഴല്ലൂർ വില്ലേജിൽ ഉൾപ്പെട്ട 245.33 ഏക്കർ ഭൂമി നോട്ടിഫൈ ചെയ്തിരുന്നു. റൺവേ എക്സ്റ്റൻഷന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉൾപ്പെടെ 900 കോടി രൂപയാണ് കണക്കാക്കിയത്. കാനാട് പ്രദേശത്തുള്ള കാർഷിക ഭൂമി ഉൾപ്പെടുന്ന പ്രദേശമാണ് ഇതിൽ ഏറെയും. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിച്ച് ഉടമകൾക്ക് നൽകണം. 2015ൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നെങ്കിലും ഈ ഭാഗത്തുള്ള ഭൂവുടമകളുടെ എതിർപ്പിനെ തുടർന്ന് താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |