SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.50 PM IST

കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയതിനുപിന്നിൽ സ്വർണക്കടത്ത് സംഘം, കാർ സ്വർണ വ്യാപാരിയുടേത്

READ ENGLISH VERSION
car

കണ്ണൂർ: പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാർ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാ‌ർ അക്രമി സംഘം തട്ടിക്കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മഹാരാഷ്‌ട്ര സ്വദേശിയും തലശേരിയിൽ സ്വർണ വ്യാപാരം നടത്തുന്നയാളുമായ അശോക് കുമാറിന്റെ കാറാണ് തട്ടിക്കൊണ്ടുപോയത്.

മഹാരാഷ്‌ട്രയിൽ നിന്ന് അശോക് കുമാറും ഭാര്യയും രണ്ട് മക്കളും ഡ്രൈവറും കാറിൽ തലശേരിയിലേയ്ക്ക് വരികയായിരുന്നു. കാലിക്കടവ് കഴിഞ്ഞപ്പോൾ പിന്തുടർന്നെത്തിയ കാറിലുണ്ടായിരുന്ന അക്രമി സംഘം അശോകിന്റെ കാർ തടഞ്ഞു. കാറിലുണ്ടായിരുന്നവരെ വലിച്ച് പുറത്തിറക്കിയതിനുശേഷം അക്രമി സംഘം കാറുമായി കടന്നുകളഞ്ഞു. അശോകും കുടുംബവും പിന്നീട് മറ്റൊരു കാറിലാണ് തലശേരിയിലേയ്ക്ക് പോയത്. പിന്നാലെ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് രാവിലെ പിലാത്തറയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്.

രാവിലെ നടക്കാനെത്തിയവരാണ് കാർ കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. കാറിന് സമീപത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുകളുമെല്ലാം ചിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. കാറിനുള്ളിൽ രക്തക്കറയുമുണ്ടായിരുന്നു. പൊലീസെത്തി പരിശോധന നടത്തുന്നതിനിടെയാണ് അശോക് കുമാർ തലശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്.

സ്വർണക്കടത്തുകാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. അക്രമി സംഘത്തെ പ്രതിരോധിക്കുന്നതിനിടെ അശോക് കുമാറിനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. അങ്ങനെയാണ് കാറിൽ രക്തക്കറ വന്നതെന്നാണ് പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANNUR, CAR FOUND, GOLD SMUGGLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA