SignIn
Kerala Kaumudi Online
Wednesday, 03 June 2026 3.36 AM IST

അക്ഷര മുത്തശ്ശിക്ക് പൂവത്തൂരി​ന്റെ ആദരവ്

കോഴഞ്ചേരി : പൂവത്തൂരിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് കഴിഞ്ഞ 57 വർഷമായി​ ആദ്യക്ഷരം പകരുകയാണ് പൂവത്തൂർ വരയന്നൂർ പൂവത്തും മൂട്ടിൽ പി​.ടി​.ജാനകി എന്ന ജാനകി ടീച്ചർ. എസ്.എസ്.എൽ.സിക്ക് ശേഷം ടൈപ്പ് റൈറ്റിംഗ് പഠനം കഴിഞ്ഞ് 18-ാമത്തെ വയസിൽ 1969 ൽ ആരംഭിച്ചതാണ് ഈ അദ്ധ്യാപന സപര്യ. മുംബൈയിൽ ജോലി ചെയ്തിരുന്ന ഇടനാട് സ്വദേശി കുഞ്ഞു പിള്ളയുടെ പങ്കാളി​യായി​ ഇടനാട് കുളങ്ങര മഠത്തിൽ വീട്ടിലേക്ക് വിവാഹശേഷം താമസം മാറ്റിയെങ്കിലും അവിടെ നിന്ന് യാത്ര ചെയ്ത് പൂവത്തൂരിലെത്തി കുരുന്നുകൾക്ക് അക്ഷരം പകരുന്ന ജോലി തുടർന്നു. ഭർത്താവിനൊപ്പം ജോലി സ്ഥലമായ മുംബൈയിലേക്ക് പോകാൻ ക്ഷണിച്ചുവെങ്കിലും മക്കളെ വളർത്തി നാട്ടിലെ കുരുന്നുകൾക്ക് അക്ഷരം പകർന്ന് നാട്ടിൽ തന്നെ തുടരാനായിരുന്നു ജാനകി ടീച്ചറുടെ തീരുമാനം. വരുന്ന ആഗസ്‌ത് 15ന് 75 വയസ് തികയുന്ന ടീച്ചർ മൂന്ന് തലമുറയ്ക്ക് അക്ഷരം പകർന്ന ധന്യതയി​ലാണി​പ്പോൾ. പ്രായാധിക്യത്തിന്റെ അവശതകളുണ്ടെങ്കിലും ഇപ്പോഴും ബസി​ൽ പൂവത്തൂർ​ കരയോഗ മന്ദിരത്തിൽ പ്രവർത്തിക്കുന്ന പാഠശാലയിലെത്തും. 11 വർഷം മുൻപ് ഭർത്താവ് മരിച്ച ജാനകി​ ടീച്ചർ മക്കളായ ശ്രീജയ്ക്കും അനുവി​നും കുടുംബത്തിനൊപ്പം കഴിയുന്നു. പൂവത്തൂർ വൈ എം എ വായനശാലയുടെ ആഭിമുഖ്യത്തിൽ ടീച്ചറെ ആദരി​ച്ചു. ഗ്രാമ പഞ്ചായത്തംഗം ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈ എം എ ഗ്രന്ഥശാലാ സെക്രട്ടറി അലക്സാണ്ടർ കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ പ്രതിഭ മുഖ്യ പ്രഭാഷണം നടത്തി. വരയന്നൂർ സർവോദയ ലൈബ്രറി സെക്രട്ടറി തോമസ്.കെ.വി , ലിജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL