കണ്ണൂർ: അക്ഷരങ്ങളിലൂടെ സഞ്ചരിച്ച് ആകാശത്തിലൂടെ പറന്ന്, തലശ്ശേരി വടക്കുമ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വായനാ മത്സര വിജയികളായ ആറു വിദ്യാർത്ഥികൾ. ഒരു വർഷം നീണ്ട പുസ്തകവായനയുടെ പ്രതിഫലമായാണ് ഇവർ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ പറന്നത്.
സ്‌കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ 'ഓർമ്മച്ചെപ്പി'ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'വായനയിലൂടെ വാനിലേറാം' എന്ന മത്സരത്തിലാണ് കുട്ടികൾ ഈ നേട്ടം സ്വന്തമാക്കിയത്. പാഠപുസ്തകത്തിനപ്പുറമുള്ള വായന ശീലമാക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടുനിന്ന മത്സരത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കാളികളായി. ഗെയിം കളിക്കുന്നതു പോലെ നാലു ഘട്ടങ്ങളിലൂടെ കടന്നുപോയ മത്സരത്തിന്റെ അവസാനഘട്ടത്തിലെത്തിയ 26 പേരിൽ നിന്നാണ് ജഡ്ജിംഗ് പാനൽ മികച്ച ആറു വായനക്കാരെ കണ്ടെത്തിയത്.
കുറഞ്ഞത് അഞ്ചു പുസ്തകങ്ങളെങ്കിലും തിരഞ്ഞെടുത്ത് വായിക്കണമെന്നായിരുന്നു നിബന്ധന. ഓരോ ദിവസവും വായിച്ച പുസ്തകങ്ങളുടെ വിവരം രേഖപ്പെടുത്താൻ പ്രത്യേകം കൈപ്പുസ്തകങ്ങൾ വിതരണം ചെയ്തു. വായന കഴിയുന്ന മുറയ്ക്ക് ആസ്വാദനക്കുറിപ്പുകൾ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. എഴുത്തുകാരും സാഹിത്യപ്രതിഭകളും ഉൾപ്പെട്ട പ്രത്യേക പാനലുമായുള്ള മുഖാമുഖത്തിനൊടുവിലാണ് അന്തിമ വിജയികളെ നിശ്ചയിച്ചത്. വായിച്ച പുസ്തകങ്ങളുടെ എണ്ണം, ആസ്വാദനക്കുറിപ്പിലെ മികവ്, കൃതിയെയും എഴുത്തുകാരനെയും കുറിച്ചുള്ള അറിവ് എന്നിവയെല്ലാം മാനദണ്ഡമാക്കി.
'കേരളത്തിലെ സ്‌കൂളുകളുടെ ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു വായനാ മത്സരത്തിന് ഇത്രയും വലിയൊരു സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ടാവുക' എന്ന് 'വായനയിലൂടെ വാനിലേറാം' മത്സരത്തിന് നേതൃത്വം നൽകിയ ഓർമ്മച്ചെപ്പ് ജനറൽ കൺവീനർ നാഷിഫ് അലിമിയാൻ പറഞ്ഞു. കുട്ടികൾ വളരെ ആവേശപൂർവമാണ് മത്സരം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂൾ ലൈബ്രറിക്കു പുറമെ സമീപത്തെ ഗ്രന്ഥാലയവുമായി സഹകരിച്ചാണ് പുസ്തകവിതരണം സാദ്ധ്യമാക്കിയതെന്ന് പ്രധാനാദ്ധ്യാപിക എ.പി. ഷീബ പറഞ്ഞു.
നിയമസഭാ ഗ്യാലറിയും മന്ത്രിമാരെയും കണ്ട് ഒരു ദിനം
സ്വപ്നതുല്യമായ ഒരു യാത്രയായിരുന്നു വിജയികൾക്കായി ഒരുക്കിയത്. തിരുവനന്തപുരത്തെ കാഴ്ചകൾ കണ്ടും നിയമസഭാ ഗ്യാലറി സന്ദർശിച്ചും മന്ത്രിമാരുൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തിയും ഒരു ദിവസം ചെലവഴിച്ച ശേഷം, കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടുന്ന പത്തംഗ സംഘം ട്രെയിൻ മാർഗമാണ് നാട്ടിലേക്കു മടങ്ങിയത്.
വടക്കുമ്പാട് സ്‌കൂൾ അമ്പതാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ, സ്‌കൂളിനും കുട്ടികൾക്കുമുള്ള സ്‌നേഹോപഹാരമായാണ് പൂർവവിദ്യാർത്ഥി കൂട്ടായ്മ ഈ വേറിട്ട മത്സരവും സമ്മാനവും ഒരുക്കിയത്. പുസ്തകത്താളുകളിൽ നിന്ന് ആകാശത്തിന്റെ വിശാലതയിലേക്ക് പറന്നുയർന്ന ഈ കുട്ടികൾ, വായനയ്ക്ക് അതിരുകളില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |