കണ്ണൂർ: സൗജന്യ ഇന്റർനെറ്റ് കണക്ഷൻ എന്ന വാഗ്ദാനത്തിൽ കെഫോൺ കണക്ഷൻ സ്വീകരിച്ച എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലഭിക്കുന്നത് ആയിരക്കണക്കിന് രൂപയുടെ ബില്ല്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന്റെ (കെഫോൺ) ബിൽ കൈയിൽ കിട്ടിയതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദ്യാലയ അധികൃതർ.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും ചേർന്ന് നടപ്പാക്കുന്ന കെഫോൺ പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങൾക്കും ബി.പി.എൽ വിഭാഗത്തിലെ വീടുകൾക്കും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായാണ് നൽകിവരുന്നത്. വിദ്യാലയങ്ങളും ഈ പട്ടികയിൽപ്പെടുന്നവയാണ്. എന്നാൽ ഇതിന് വിരുദ്ധമായി 2026 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള ത്രൈമാസ കാലയളവിലെ ഉപയോഗത്തിന് രണ്ടായിരത്തിലധികം രൂപ ബിൽ ചെയ്താണ് ചില വിദ്യാലയങ്ങൾക്ക് നോട്ടീസ് എത്തിയത്. ബിൽ അടയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ.
ബിൽ വന്ന വിവരം സ്‌കൂൾ പ്രധാനാദ്ധ്യാപകർ ഉപവിദ്യാഭ്യാസ ഓഫീസർ വിളിച്ചുചേർത്ത യോഗങ്ങളിൽ ഉന്നയിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. എന്നാൽ വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് തിരുവനന്തപുരത്തെ കെഫോൺ ഓഫീസിനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് പദ്ധതി സൗജന്യമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
സൗജന്യമെന്ന വാഗ്ദാനവും യാഥാർത്ഥ്യത്തിലെ ബില്ലും തമ്മിലുള്ള ഈ വൈരുദ്ധ്യം പല വിദ്യാലയങ്ങളെയും കുഴക്കുകയാണ്. വ്യക്തത വരുത്താൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ ആവശ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബിൽ പൊതുവെ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കാണ് അയക്കാറുള്ളത്. എന്നാൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2026 ജനുവരി ഒന്നു മുതൽ അതത് സ്ഥാപനങ്ങളിലേക്ക് നേരിട്ട് ബിൽ അയച്ചു തുടങ്ങിയിട്ടുണ്ട്.
കെഫോൺ ഓഫീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |