തളിപ്പറമ്പ്: മുയ്യം പുഴയിൽ കുളിക്കാനിറങ്ങിയ നാട്ടുകാരുടെ കണ്ണിൽ ആദ്യം പതിഞ്ഞത് വലിയ ചിറകടിയൊച്ചയായിരുന്നു. തലയുയർത്തി നോക്കിയപ്പോൾ പുഴയോരത്തെ മരക്കൊമ്പിൽ അപൂർവ കാഴ്ച. നാല് പാണ്ടൻ വേഴാമ്പലുകൾ. കൗതുകത്തോടെ രഞ്ജിത്ത് ഐ.പി. മൊബൈലിൽ പകർത്തിയ ആ ദൃശ്യങ്ങളാണ് ഇപ്പോൾ കണ്ണൂർ ജില്ലയുടെ പക്ഷിനിരീക്ഷണ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കുറിക്കുന്നത്.
ഇക്കഴിഞ്ഞ 15ന് ഉച്ചയോടെയാണ് മുയ്യം പുഴയോരത്ത് ഈ അപൂർവ പക്ഷികളെ കണ്ടെത്തിയത്. സർ സയ്യിദ് കോളേജ് വനശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പക്ഷിനിരീക്ഷകയുമായ സി. സ്‌നേഹയാണ് ചിത്രങ്ങൾ പരിശോധിച്ച് ഇവയെ മലബാർ പൈഡ് ഹോൺബിൽ എന്നറിയപ്പെടുന്ന പാണ്ടൻ വേഴാമ്പലുകളാണെന്ന് സ്ഥിരീകരിച്ചത്. തളിപ്പറമ്പ് പ്രദേശത്ത് ഈ ഇനത്തിന്റെ ആദ്യ രേഖപ്പെടുത്തപ്പെട്ട നിരീക്ഷണമാണിതെന്നാണ് വിലയിരുത്തൽ.
കണ്ണൂർ ജില്ലയിൽ ഈ ഇനത്തിന്റെ രേഖകൾ അത്യപൂർവമാണെന്ന് സ്‌നേഹ പറയുന്നു. അതിനാൽ ഈ കണ്ടെത്തൽ പ്രാദേശിക പക്ഷിവൈവിദ്ധ്യ പഠനങ്ങളിൽ ശ്രദ്ധേയമാണ്. മുയ്യം പുഴയും വയലും ഉൾപ്പെടുന്ന കുറുമാത്തൂർ പഞ്ചായത്തിൽ നിന്ന് ഇതുവരെ 148 പക്ഷിയിനങ്ങളെ പഠനത്തിന്റെ ഭാഗമായി രേഖപ്പെടുത്തിക്കഴിഞ്ഞു. പുഴയോരത്തെ സ്വാഭാവിക വനസസ്യങ്ങളും വലിയ ഫലവൃക്ഷങ്ങളും വന്യജീവികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നുണ്ടെന്നതിന്റെ സൂചനയായാണ് ഈ നിരീക്ഷണത്തെ അവർ വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം ജൂലായിൽ ഏഴിമലയിൽ വിരുന്നെത്തിയ മലമുഴക്കി വേഴാമ്പലിനെയും സ്‌നേഹയുടെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്തിരുന്നു. കേരളത്തിലെ പക്ഷികളെക്കുറിച്ച് ജനകീയമായി പഠിക്കാനും രേഖപ്പെടുത്താനുമായി നടന്നുവരുന്ന കേരള ബേഡ് അറ്റ്ലസ് പദ്ധതിയുടെ രണ്ടാം പതിപ്പിൽ സർ സയ്യിദ് കോളേജിലെ വനശാസ്ത്ര വിഭാഗവും വിദ്യാർത്ഥികളും സജീവമായി പങ്കാളികളാകുന്നുണ്ട്.
തിരിച്ചറിയാൻ എളുപ്പം, അപൂർവം
വലിയ കൊക്കും അതിനു മുകളിലെ കാസ്‌കും ആണ് ഈ പക്ഷിയുടെ പ്രത്യേകത. കറുപ്പും വെളുപ്പും ഇടകലർന്ന ശരീരനിറം, വെളുത്ത വയറും കഴുത്തിന്റെ വശങ്ങളും പറക്കുമ്പോൾ തെളിഞ്ഞുകാണുന്ന വെളുത്ത വാലും കറുത്ത അഗ്രഭാഗവും ഇവയെ ദൂരെനിന്നു തന്നെ വേർതിരിച്ചറിയാൻ സഹായിക്കും. നിത്യഹരിത, ഇലപൊഴിയും വനങ്ങൾ, വനാതിർത്തികൾ, പുഴയോര വനമേഖലകൾ എന്നിവയാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. പഴങ്ങളാണ് മുഖ്യ ഭക്ഷണം. വിത്തുകൾ വിദൂരദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ വനങ്ങളുടെ പുനരുജ്ജീവനത്തിൽ നിർണായക പങ്കുവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |