കണ്ണൂർ: നിയമവിരുദ്ധവും അപകടത്തിന് വഴിവെച്ചും സംസ്ഥാന പാതയോരങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും വ്യാപകം. ഇത്തരത്തിൽ ജില്ലയിൽ ഈ വർഷം മാത്രം 525 ബോർഡുകളാണ് നീക്കം ചെയ്തത്. തിരഞ്ഞെടുപ്പ് മുതൽ വിവിധ സംഘടനകൾ ആരാധനാലയങ്ങൾ സ്ഥാപനങ്ങൾ എന്ന് തുടങ്ങി ലോകകപ്പ് ആവേശം വരെ എത്തി നിൽക്കുന്നു ഫ്ലക്സ് ബോർഡുകൾ. ഇവയിൽ ഭൂരിഭാഗവും സമയബന്ധിതമായി നീക്കം ചെയ്യാത്തവയാണ്.
ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ കാലയളവിൽ 414 ബോർഡുകൾ, 86 ബാനറുകൾ, 6 കൊടികൾ, 19 ഹോഡിംഗുകൾ എന്നിങ്ങനെയാണ് 525 എണ്ണം ജില്ലയിൽ നീക്കം ചെയ്തത്. ഇവ അനധികൃതമായി സ്ഥാപിച്ചതിനും യഥാസമയം നീക്കം ചെയ്യാത്തതിനും 4,05,500 രൂപ പിഴ ചുമത്തുകയും 1,18,000 രൂപ ഈടാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് തലത്തിൽ മുണ്ടേരി പഞ്ചായത്താണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് (6000 രൂപ) . ഇവിടെ 12 ബോർഡുകളായിരുന്നു സ്ഥാപിച്ചിരുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് 4000 ഈടാക്കി. നഗരസഭ തലത്തിൽ ഇരിട്ടി നഗരസഭയിൽ 40,000 രൂപ പിഴയീടാക്കി. ഇവിടെ പത്ത് ഹോർഡിംഗുകൾ സ്ഥാപിച്ചതാണ് പിഴ ഈടാക്കാൻ കാരണം. തലശ്ശേരി നഗരസഭയിൽ 27,500 രൂപ പിഴ ഈടാക്കി.
കണ്ണൂർ കോർപ്പറേഷനിൽ 46 ബോർഡുകളാണ് അനധികൃതമായി സ്ഥാപിച്ചത്. 2,30,000 രൂപ പിഴ ചുമത്തിയതിൽ 25,000 രൂപ ഈടാക്കി. രാമന്തളി, വേങ്ങാട്, മുണ്ടേരി ഒഴികെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കൊടിതോരണങ്ങൾ നീക്കം ചെയ്തിട്ടില്ല. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ ഒഴികെയുള്ള നഗരസഭകളും നീക്കം ചെയ്തിട്ടില്ല.
നിയമ വിരുദ്ധം
പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനുമതിയില്ലാതെ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് കേരള ഹൈക്കോടതി കർശനമായി വിലക്കിയിട്ടുണ്ട്.വളവുകളിലും ജംഗ്ഷനുകളിലും സ്ഥാപിക്കുന്ന ബോർഡുകൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയും സിഗ്‌നലുകൾ കാണുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കാറ്റിൽ അഴിഞ്ഞുവീഴുന്ന തോരണങ്ങളും റോഡിലേക്ക് തള്ളിനിൽക്കുന്ന ബോർഡുകളും ഇരുചക്രവാഹന യാത്രക്കാർക്ക് ഉൾപ്പെടെ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ലോകകപ്പ് ഫുട്‌ബാളുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപകമായി സ്ഥാപിച്ച ഹോർഡിംഗുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ സുരക്ഷിതമായി നീക്കം ചെയ്ത് ഹരിതകർമ്മ സേനയ്ക്ക് നേരിട്ടോ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനം വഴിയോ കൈമാറണം. ഫുട്‌ബാളിന്റെ മത്സരസ്പിരിറ്റ് പോലെ തങ്ങൾ സ്ഥാപിച്ച ബോർഡുകൾ ഉത്തരവാദിത്വത്തോടെ മാറ്റി മാലിന്യസംസ്‌കരണത്തിൽ മാതൃകയാകാനും യുവാക്കൾ തയ്യാറാകണം.
അഡ്വ. ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |