SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; കുറ്റപത്രമാകാതെ ഒരുവർഷം

govindan-
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം

അന്വേഷിച്ചത് 4സംഘങ്ങൾ

കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ദുരൂഹത നിറഞ്ഞ ജയിൽ ചാട്ടം നടന്നിട്ട് ഇന്നലെ ഒരുവർഷം പൂർത്തിയായെങ്കിലും കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചില്ല. സംഭവത്തെക്കുറിച്ച് നാല് സംഘങ്ങൾ അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ലാത്ത സ്ഥിതിയാണ്.

2025 ജൂലായ് 24-ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാം ബ്ലോക്കിൽനിന്ന് ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മൂന്നുകിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽനിന്ന് മണിക്കൂറുകൾക്കുശേഷം പിടികൂടി. പിന്നീട് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. കണ്ണൂർ-കാസർകോട് ക്രൈംബ്രാഞ്ച് സംഘമാണ് പിന്നീട് അന്വേഷിച്ചത്. ജയിലഴി മുറിച്ച ആയുധത്തിന്റെ സാങ്കേതിക വിവരങ്ങളെക്കുറിച്ച് കോഴിക്കോട് എൻ.ഐ.ടിയിൽനിന്നുള്ള റിപ്പോർട്ട് കിട്ടിയാൽ കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

സംഭവത്തെക്കുറിച്ച് ജയിൽവകുപ്പ് അന്വേഷിച്ച് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനപ്പുറം വകുപ്പുതല അന്വേഷണവും പാതിവഴി കടന്നില്ല. ജയിൽച്ചാട്ടം അത്യന്തം ഗൗരവതരമെന്ന് വിലയിരുത്തി പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ചിരുന്നു. റിട്ട. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.

റിപ്പോർട്ട് നൽകാൻ മൂന്നുമാസം അനുവദിച്ചെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകാനായിട്ടില്ല.


മാറ്റങ്ങളില്ലാതെ കണ്ണൂർ

സെൻട്രൽ ജയിൽ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷവും കണ്ണൂർ സെൻട്രൽ ജയിൽ പഴയതുപോലെ തുടരുന്നു. മതിലിന് മുകളിലെ ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം നിലച്ചിട്ട് രണ്ടുവർഷമായിട്ടും ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. 10ാം നമ്പർ ബ്ലോക്കിന് കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചിട്ടും അറ്റകുറ്റപ്പണികൾക്ക് അധികൃതർ ഇതുവരെ മുതിർന്നിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ജയിലധികൃതർ തടവുകാരെ പതിവായി നിരീക്ഷിക്കുന്നില്ല. ജയിലിൽ തടവുകാർ ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. തടവുകാരെ പാർപ്പിച്ച ബ്ലോക്കുകളിലും ജയിലിന് പുറത്തുള്ള പരിസരങ്ങളിലും ആവശ്യമായ വെളിച്ചമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL