
കണ്ണൂർ: അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ പല സ്കൂളുകളിലും റാഗിംഗ് കേസുകൾ തലപൊക്കുന്നു. ഈ മാസം 16ന് തലശേരി ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഷർട്ടിന്റെ ബട്ടണിട്ടില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ച സംഭവം ഇതിൽപെടും. പരാതിയെ തുടർന്ന് എട്ട് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. കാസർകോട് പൈവളിഗെയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായ മർദ്ദനത്തെ തുടർന്ന് നെഞ്ചിനും കഴുത്തിനും പരുക്കേറ്റ് ചികിത്സ തേടിയതും ഇതെ വിഭാഗത്തിലുള്ള സംഭവമാണ്.
ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ഷർട്ടിന്റെ ബട്ടണില്ലെന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചെന്ന പരാതിയുയർന്നിരുന്നു. ഇത്തരം പരാതികൾ ഉടൻ പൊലീസിന് കൈമാറണമെന്നുണ്ടെങ്കിലും മിക്ക കേസുകളും സ്‌കൂളിൽ തന്നെ ഒതുക്കുന്ന പ്രവണതയാണുള്ളത്. ചില സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരും റാഗിംഗിനെതിരെ ശക്തമായ നടപടിയെടുക്കാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിലും വിവിധ സ്കൂളുകളിൽ വ്യാപകമായി റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
എവിടെ ആന്റി റാഗിംഗ് സ്ക്വാഡുകൾ ?
കോളജും സ്‌കൂളുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണ് ചട്ടം. സ്ഥാപന മേധാവി അദ്ധ്യക്ഷനായ കമ്മിറ്റിയിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളും വേണം. പ്രദേശത്തെ സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും ഈ കമ്മിറ്റിയിൽ അംഗങ്ങളാകണം. വിദ്യാലയത്തിൽ റാഗിംഗ് പരാതി ഉയർന്നാൽ ഈ കമ്മിറ്റി പരിശോധിക്കുകയും റാഗിംഗ് ആണെന്നു ബോധ്യപ്പെട്ടാൽ പൊലീസിൽ അറിയിക്കുകയും വേണമെന്നാണു ചട്ടം. എന്നാൽ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ച ആന്റി റാഗിംഗ് സ്‌ക്വാഡുകളുടെ പ്രവർത്തനം നിലവിൽ നിർജ്ജീവമാണെന്നാണ് ആക്ഷേപം .
ശുചിമുറികൾ ഇടിമുറികൾ
അധികം കേസുകളിലും ഷർട്ടിന്റെ ബട്ടൺ മുകളിൽ വരെ ഇടണമെന്ന ആവശ്യമുയർത്തിയാണ് സ്കൂളുകളിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ കുട്ടികളെ ഉപദ്രവിച്ചുതുടങ്ങുന്നത്. ഇത് അനുസരിക്കാതിരുന്നാൽ കൂട്ടമായി വളഞ്ഞ് ദേഹോപദ്രവം ഏൽപ്പിക്കും. ഒറ്റയ്ക്ക് എവിടെയെങ്കിലും വിളിച്ച് വരുത്തി കൂട്ടമായി ആക്രമിക്കുന്ന രീതിയുമുണ്ട് .ശുചി മുറികളിൽ വച്ച് സീനിയർ വിദ്യാർത്ഥികളെത്തി ജൂനിയർ കുട്ടികളെ കൂട്ടമായി ആക്രമിക്കുന്ന സ്ഥിതിയുണ്ട്.ഷൂസ് ഇടരുത്, ഹെയർ കട്ട് സ്റ്റൈലിഷ് ആകാൻ പാടില്ല, പെൺകുട്ടികളുടെ കൂടെ നടക്കാൻ പാടില്ല തുടങ്ങിയ ചട്ടങ്ങളും ജൂനിയർ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നുണ്ട്.
റാഗിംഗിന്റെ പരിധിയിൽ
മാനസിക പീഡനം: കളിയാക്കൽ, പരസ്യമായി അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ.
ശാരീരിക ഉപദ്രവം: മർദ്ദനം, കഠിനമായ ജോലികൾ ചെയ്യിക്കൽ, പരിക്കേൽപ്പിക്കൽ.
അപകടകരമായ പെരുമാറ്റം: നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിക്കൽ, ക്രൂരമായി വേദനിപ്പിക്കൽ.
ശിക്ഷാ നടപടികൾ
1998-ലെ കേരളാ റാഗിംഗ് നിരോധന ആക്ട് പ്രകാരം റാഗിംഗ് ചെയ്യുയോ പ്രേരിപ്പിക്കുയോ ചെയ്യുന്നവർക്ക് 2 വർഷം വരെ തടവും 10,000 രൂപ പിഴയും .
പിരിച്ചുവിടൽ: കുറ്റം തെളിയുന്ന വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. അടുത്ത 3 വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം ലഭിക്കില്ല.
സസ്‌പെൻഷൻ: പരാതി ലഭിച്ചാൽ 7 ദിവസത്തിനകം അന്വേഷണം നടത്തി, കുറ്റാരോപിതനായ കുട്ടിയെ സ്ഥാപന മേധാവി സസ്‌പെൻഡ് ചെയ്യേണ്ടതാണ്.
സ്ഥാപന മേധാവിക്ക് ചെയ്യാനുണ്ട്
പരാതി അന്വേഷണം: വിദ്യാർത്ഥിയോ രക്ഷിതാവോ അധ്യാപരോ നൽകുന്ന പരാതി ലഭിച്ച് 7 ദിവസത്തിനകം മേധാവി അന്വേഷണം നടത്തി പോലീസിന് കൈമാറണം.
വീഴ്ച വരുത്തിയാൽ: പരാതിമേൽ നടപടി എടുക്കാത്ത സ്ഥാപന മേധാവിയും റാഗിംഗിന് കൂട്ടുനിന്നതായി കരുതി തുല്യ ശിക്ഷയ്ക്ക് അർഹനാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |