കണ്ണൂർ: ഡിജിറ്റലാക്കിയതോടെ കൂടുതൽ വിദ്യാർത്ഥികൾ കൺസെഷൻ പാസ് ഉപയോഗിക്കുന്നത് ബസുടമകൾക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തൊട്ടാകെയായി ഒരുക്കുന്ന ഡിജിറ്റൽ സംവിധാനം നിലവിൽ കണ്ണൂർ ജില്ലയിൽ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. സ്വകാര്യ ബസുകളിലെ വിദ്യാർത്ഥികളുടെ കൺസെഷനിൽ നിയന്ത്രണം വരുത്തുന്നതിനു കൂടിയാണ് മോട്ടോർ വകുപ്പ് എം.വി.ഡി ലീഡ്സ് ആപ്പിലൂടെ പുതിയ ഡിജിറ്റൽ കാർഡ് സംവിധാനം നടപ്പിലാക്കിയത്. എന്നാൽ പുതിയ സംവിധാനത്തോടെ കൺസെഷൻ വർദ്ധിക്കുകയാണുണ്ടായത്.
വിദ്യാർത്ഥികൾക്ക് ആപ്പ് വഴി സ്വയം കൺസെഷന് അപേക്ഷിക്കാവുന്നതാണ് സംവിധാനം. എന്നാൽ ഇത്തരത്തിൽ ലഭ്യമാകുന്ന ഡിജിറ്റൽ കൺസെഷൻ കാർഡിൽ ദൂരപരിധിയോ, വിദ്യാർത്ഥിയുടെ പഠനകാലയളവോ, സ്റ്റോപ്പ് വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. വിദ്യാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, കോഴ്സിന്റെ പേര്, കോളേജ് എന്നിവ മാത്രമാണ് ഇതിലുള്ളത്. ഇതിനാൽ കാർഡ് ഡ്യൂപ്ലിക്കേറ്റായിട്ട് ഉണ്ടാക്കാനും സാധിക്കുമെന്നാണ് ബസുടമകൾ പറയുന്നത്. കാർഡിൽ ഒരു ക്യൂആർ കോഡ് നൽകിയിട്ടുണ്ട്. ഇത് സ്‌കാൻ ചെയ്താലാണ് വിദ്യാർത്ഥിയുടെ പാസ് സംബന്ധിച്ച വിവരങ്ങൾ ബസ് കണ്ടക്ടർമാർക്ക് മനസിലാകുക.
സ്വകാര്യ ബസുകളിലെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നും നിയന്ത്രണം വരുത്തണമെന്നുമാവശ്യപ്പെട്ട് ബസുടമകൾ മുൻ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നൽകിയ നിവേദനം പരിഗണിച്ചാണ് മോട്ടോർ വകുപ്പ് എം.വി.ഡി ലീഡ്സ് ആപ്പിലൂടെ പുതിയ ഡിജിറ്റൽ കൺസെഷൻ കാർഡ് നടപ്പിലാക്കിയത്.
തിരക്കിനിടയിൽ പരിശോധന പ്രായോഗികമല്ല
കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളിൽ 50 ശതമാനം യാത്രക്കാരും വിദ്യാർത്ഥികളാണ്. രാവിലെയും വൈകിട്ടുമുള്ള തിരക്കുള്ള സമയങ്ങളിൽ കണ്ടക്ടർമാർക്ക് ഡിജിറ്റൽ കാർഡിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പാസ് ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് നോക്കുന്നത് പ്രായോഗികമല്ല. സർക്കാർ, എയ്ഡഡ്, സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങൾ, സ്വകാര്യ സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കൺസെഷൻ കാർഡ് ലഭ്യമാകും.
തൊഴിൽ സംബന്ധമായ കോഴ്സുകൾ പഠിക്കാൻ പോകുന്ന സ്ത്രീകൾ ഉൾപ്പെടെ ഇത്തരത്തിൽ ഡിജിറ്റൽ കൺസെഷൻ ഉണ്ടാക്കുന്ന സാഹചര്യമാണ്. പലവിധ പ്രതിസന്ധികളുടെ നടുവിലുള്ള ബസ് വ്യവസായത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്- സ്വകാര്യ ബസുടമകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |