SignIn
Kerala Kaumudi Online
Friday, 07 August 2026 9.22 PM IST

ഡോ. റാമിന്റെ അറസ്റ്റ്: പഴി കീഴുദ്യോഗസ്ഥർക്ക്, ഉന്നതരെ തൊടാതെ നടപടി 

ram
ഡോ. റാമിന്റെ അറസ്റ്റ്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് സ്‌ക്വാഡിലെ കീഴുദ്യോഗസ്ഥരെ സ്ഥലംമാറ്റി. കേസിലെ ഒന്നാം പ്രതി, ഡെന്റൽ കോളേജ് അദ്ധ്യാപകൻ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ ഗുരുതര വീഴ്ചകൾ സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടി.
അന്വേഷണസംഘത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്.പി, ഡിവൈ.എസ്.പി, ഇൻസ്‌പെക്ടർ എന്നിവരെ ഒഴിവാക്കി, ബാക്കിയുള്ള സ്‌ക്വാഡ് അംഗങ്ങളെയാണ് കണ്ണൂർ ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് (ഡി.എച്ച്.ക്യു) മാറ്റിയത്. ഗ്രേഡ് എസ്.ഐ രാജീവൻ, ഗ്രേഡ് എ.എസ്.ഐ ഗിരീശൻ, എ.എസ്.ഐ സുരേഷ്ബാബു, സി.പി.ഒ പ്രനോദ് എന്നിവരാണ് ഇവരിൽ ഉൾപ്പെടുന്നത്.
100 ദിവസത്തിലേറെ ഒളിവിൽ കഴിഞ്ഞിട്ടും ഡോ. റാമിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നില്ല. ഒടുവിൽ കുടകിൽ നിന്ന് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ, കുടകിൽ നിന്നല്ല അറസ്റ്റ് നടന്നതെന്ന് വ്യക്തമാകുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കണ്ണൂർ-കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി കെ.വി വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സുധീർ കല്ലനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.
ഇതിനു പുറമേ, അറസ്റ്റ് നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിഷ്‌കർഷിച്ച 'ഗ്രൗണ്ട് ഓഫ് അറസ്റ്റ്' സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ സംഘം വീഴ്ച വരുത്തി. ഇതിന്റെ ആനുകൂല്യത്തിലാണ് പ്രതി കോടതി മുഖേന മോചിതനായത്. തലശ്ശേരി സെഷൻസ് കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജീവൻ ജോർജാണ് കേസ് അന്വേഷിക്കുന്നത്.

സ്ഥലംമാറ്റത്തിൽ വിമർശനം

അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ച എസ്.പി, ഡിവൈ.എസ്.പി, ഇൻസ്‌പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരെ തൊടാതെ, കീഴ്ജീവനക്കാരെ മാത്രം സ്ഥലംമാറ്റിയത് നീതിയുക്തമല്ലെന്ന വിമർശനം പൊലീസ് വൃത്തങ്ങളിൽ ശക്തമാണ്. അന്വേഷണത്തിന്റെ ദിശ നിശ്ചയിച്ചതും തീരുമാനങ്ങളെടുത്തതും മേലുദ്യോഗസ്ഥരാണെന്നിരിക്കെ, നടപടിക്രമങ്ങളിലെ വീഴ്ചയുടെ പൂർണ ഉത്തരവാദിത്തം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ മേൽ മാത്രം ചുമത്തുന്നത് ഉന്നതരെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DR RAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL