SignIn
Kerala Kaumudi Online
Sunday, 09 August 2026 3.52 AM IST

പഠനമില്ല, ആസൂത്രണമില്ല,ആർക്കും ഉപകാരവുമില്ല; തൃക്കണ്ണാട് കടലിൽ കല്ലിട്ടു കളഞ്ഞത് 50 ലക്ഷം

trikkannad

കാസർകോട്: ആവശ്യമായ പഠനമോ ആസൂത്രണമോ നടത്താതെ തൃക്കണ്ണാട് തീരം സംരക്ഷിക്കാൻ കർണാടകയിൽ നിന്നും കൊണ്ടുവന്ന് നിക്ഷേപിച്ച കരിങ്കല്ലുകൾ കടലെടുത്തു തുടങ്ങി. തെക്കുഭാഗത്താണ് കടൽ ഭിത്തി മുങ്ങിയിരിക്കുന്നത്. കരിങ്കല്ലുകൾ കൃത്യമായി അടുക്കാതെ കൂട്ടിയിട്ടതിനാൽ ബാക്കിയുള്ള ഭാഗവും ഉടൻ കടൽ വിഴുങ്ങുമെന്ന സ്ഥിതിയാണ്.
കടപ്പുറത്ത് എത്തിച്ച കരിങ്കല്ലുകൾ ജെ.സി.ബി കൊണ്ട് തള്ളി കടപ്പുറത്തെ മണ്ണിൽ അലക്ഷ്യമായി കൂട്ടിയിട്ടാണ് ഇവിടെ ഭിത്തി തീർത്തത്. ഈ കരിങ്കൽ കൂനയെ കടൽഭിത്തിയെന്ന് പറയാൻ പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിശക്തമായ തിരകളും കടലാക്രമണഭീഷണിയുമുള്ള തൃക്കണ്ണാട് കടപ്പുറത്തിന്റെ ഭൂരിഭാഗവും കടലെടുത്തോതോടെയാണ് കടൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നത്. രണ്ടാഴ്‌ച മുമ്പാണ് തീരസംരക്ഷണത്തിന് 128 മീറ്റർ നീളത്തിൽ 3708.88 ടൺ കരിങ്കൽ തീരത്ത് ഇറക്കി ഭിത്തി നിർമ്മാണം തുടങ്ങിയത്. കരിങ്കൽ ക്ഷാമത്തിന്റെ പേരിൽ കരാറുകാരൻ പ്രവൃത്തി നീട്ടിക്കൊണ്ടുപോയിരുന്നു. കൃത്യമായ രീതിയിലല്ല ഭിത്തി നിർമ്മാണമെന്ന തരത്തിലാണ് കരിങ്കല്ലുകൾ കടലിൽ മുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭം ശക്തമായതോടെയാണ് കല്ലുകൾ കടലിലേക്ക് നീങ്ങി തുടങ്ങിയത്. ചെറിയ കല്ലുകളെല്ലാം തിരയെടുത്തോടെ വലിയ കല്ലുകളും കടലിൽ മുങ്ങാൻ തുടങ്ങി. കുറേ കല്ലുകൾ പൂഴിയിൽ താഴ്ന്നുംപോയി.

ചിലവിട്ടത് അൻപത് ലക്ഷം

ജലസേചന വകുപ്പാണ് അൻപത് ലക്ഷം ചിലവിട്ട് ഇവിടെ കരിങ്കല്ല് ഭിത്തി നിർമ്മിച്ചത്. അങ്ങിങ്ങായി കരിങ്കൽ കഷണങ്ങൾ കൂട്ടിയിട്ടതിനാൽ തീരത്ത് പോകാനൊ, മത്സ്യബന്ധന തോണികളും അനുബന്ധ ഉപകരണങ്ങളും വെക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് മത്സ്യതൊഴിലാളികൾ. നിർമ്മാണസമയത്ത് കരിങ്കൽ കഷണങ്ങളും ചിളുകളും കടപ്പുറത്തുതന്നെ ഉപേക്ഷിച്ചതും മത്സ്യതൊഴിലാളികൾക്ക് വലിയ ദ്രോഹമായി മാറി. കരയിൽ വലിച്ച് കയറ്റുമ്പോൾ കരികല്ലിൽ ഉരഞ്ഞ് തോണികൾ തകരാറിലാകുന്നു.ഇത് ഭയന്ന് തോണികൾ കയറ്റി വെക്കാൻ പള്ളിക്കര, കാസർകോട് ഹാർബറുകളെ ആശ്രയിക്കുകയാണ് തൊഴിലാളികൾ. വലിയ സാമ്പത്തിക നഷ്ടവും ഇതുമൂലം സംഭവിക്കുന്നു.

കർക്കിടകവാവിന് പതിനായിരങ്ങൾ ബലിതർപ്പണത്തിന് എത്തുന്നതിനാൽ തൃക്കണ്ണാട് കടപ്പുറത്തെ കരിങ്കൽ ചീളുകൾ കഴിഞ്ഞ ദിവസം കരാർ കമ്പനി നീക്കിയിട്ടുണ്ട്. കാലവർഷം ശക്തമായതിന് തുടർന്ന് തൃക്കണ്ണാട് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് കഴിഞ്ഞ രണ്ടു വർഷമായി മതിൽക്കെട്ടിന് തെക്ക് ഭാഗത്ത് ബലിത്തറകൾ ഒരുക്കിയിരുന്നു.

ഒരു പഠനവും നടത്താതെയാണ് തൃക്കണ്ണാട് കല്ലുകൾ കൂട്ടിയിട്ടത്. ഈ ഭാഗത്തെ മത്സ്യത്തൊഴിലാളികളും ഇതുകാരണം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

-ശംഭു ബേക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KADALBHITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL