കണ്ണൂർ: നിർമാണം പൂർത്തിയാക്കി കണ്ണൂർ കാൽടെക്സ് എൻ.എസ്. ടാക്കീസിന് മുൻവശത്തെ റോഡ് തിങ്കളാഴ്ച തുറന്നുകൊടുക്കുമെന്ന് ടി.ഒ. മോഹനൻ എം.എൽ.എ പറഞ്ഞു.
റോഡിൽ രൂപപ്പെട്ട ഗർത്തത്തെ തുടർന്ന് ജൂലായ് 26 നാണ് റോഡ് പൂർണമായും അടച്ച് പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. ഒരു മാസത്തേക്ക് അടച്ചിടുമെന്ന് പറഞ്ഞു തുടങ്ങിയ പ്രവർത്തി എം.എൽ.എ മുൻകൈയ്യെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ വെറും 22 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പ്, ട്രാഫിക്, കരാറുകാരൻ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത എം.എൽ.എ പ്രവർത്തി വേഗത്തിലാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. കോൺക്രീറ്റ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ച് സ്ലാബ് പാകി കഴിഞ്ഞു. ശേഷിച്ച ജോലികൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡിന് കുറുകേയുള്ള കലുങ്കിന്റെ ഭിത്തിയിലെ തകരാറിനെ തുടർന്നാണ് ഗർത്തം രൂപപ്പെട്ടതെന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. റോഡ് അടച്ചത് കാരണം നീണ്ട ഗതാഗത കുരുക്കാണ് നഗരത്തിൽ ഉണ്ടായത്. കാൽടെക്‌സ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ നിർത്തിവച്ചാണ് ഗതാഗതം നിയന്ത്രിച്ചത്. സിഗ്നൽ ഇല്ലാതായതിനെ തുടർന്ന് കാൽനട യാത്രക്കാരും ബുദ്ധിമുട്ടിലായി. ട്രാഫിക് പൊലീസ് കൂടുതൽ ഉദ്യോഗസ്ഥരെ ഗതാഗതം നിയന്ത്രണത്തിന് നിയോഗിച്ചിരുന്നു. റോഡിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനായി ട്രാഫിക് ഉദ്യോഗസ്ഥരുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ടി.ഒ മോഹനൻ എം.എൽ.എ പറഞ്ഞു.
കുരുക്കിൽ കുരുങ്ങി യാത്രക്കാർ
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമായ കാൽടെക്‌സ് കുരുക്കിലായിട്ട് ദിവസങ്ങളായി. സിഗ്നൽ ഇല്ലാതായതോടെ കുരുക്ക് രൂക്ഷമായി. കളക്ടറേറ്റിലേക്കുള്ള പ്രവേശന കവാടമായതിനാൽ നഗരത്തിലേക്ക് ആവശ്യങ്ങളുമായി എത്തുന്ന പലരും ദുരിതത്തിലായി. താണ ഭാഗത്തുനിന്നുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കാൽടെക്‌സ് സിഗ്നലിലെ കുരുക്ക് ഒഴിവാക്കി പുതിയ ബസ് സ്റ്റാൻഡിലേക്ക് കടന്നുപോകുന്നത് എൻ.എസ്. തിയേറ്ററിന് മുന്നിലൂടെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |