SignIn
Kerala Kaumudi Online
Wednesday, 12 August 2026 5.21 PM IST

വിദേശത്ത് കഞ്ചാവ് നിയമപരം, പക്ഷെ പൈലറ്റുമാർ തൊട്ടാൽ പണി പാളും: അറിയാം വ്യോമയാന നിയമങ്ങളും പരിശോധനകളും

indian-airlines
പ്രതീകാത്മക ചിത്രം

ഓഗസ്റ്റ് 4-ന് തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ എഐ 2379 വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡർ കഞ്ചാവ് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. തായ്‌ലൻഡ് ഉൾപ്പെടെ ചില രാജ്യങ്ങളിൽ ചികിത്സയ്ക്കും വിനോദത്തിനും കഞ്ചാവ് നിയമപരമായി ലഭിക്കുന്നത് വിമാനക്കമ്പനികൾക്ക് വെല്ലുവിളിയാകുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

മദ്യപാനം ബ്രത്ത് അനലൈസർ ഉപയോഗിച്ച് വേഗത്തിൽ കണ്ടെത്താം. എന്നാൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമയാന നിയമങ്ങൾ, പരിശോധനകൾ, ശിക്ഷാനടപടികൾ എന്നിവയെ കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം.

നിയമങ്ങൾ

ഒരു പൈലറ്റിനെ സംബന്ധിച്ച് ഇന്ത്യൻ വ്യോമയാന നിയമങ്ങൾ ഉറപ്പായും പാലിക്കേണ്ടതുണ്ട്. പാലിക്കാത്ത പക്ഷം കടുത്ത നടപടികൾക്ക് വിധേയരാകേണ്ടിവരും. പ്രത്യേകിച്ച് ലഹരി സംബന്ധമായ വിഷയങ്ങളിൽ. ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയമപ്രകാരം വിമാന ജീവനക്കാർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്.

ആംഫെറ്റാമിൻ, ഒപ്പിയേറ്റ്സ്, കഞ്ചാവ്, കൊക്കെയ്ൻ, ബാർബിറ്റ്യൂറേറ്റ്സ്, ബെൻസോഡിയാസെപൈൻസ് എന്നീ ആറ് ലഹരിവസ്തുക്കളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിയമപ്രകാരം വിദേശ രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിച്ചാലും പൈലറ്റുമാർ കടുത്ത നടപടി നേരിടേണ്ടി വരും. ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും കൃത്യമായ നിയമങ്ങൾ രാജ്യത്തുണ്ട്.

ഇന്ത്യയിൽ മാത്രമല്ല. അമേരിക്കയിലും ഈ നിയമം നിലവിലുണ്ട്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ വിനോദത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ​​കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമാണെങ്കിലും പൈലറ്റുമാർ ഉൾപ്പെടെയുള്ള നിർണ്ണായക ചുമതലകളുള്ള ജീവനക്കാർ ഇത് ഉപയോഗിക്കുന്നത് നിയമലംഘനമാണ്. അതിനാൽ പൈലറ്റുമാർ മയക്കുമരുന്ന് പരിശോധനാചട്ടങ്ങൾക്ക് നിർബന്ധമായും വിധേയരായിരിക്കണമെന്ന് യുഎസ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

പരിശോധനകൾ

വിമാന ജീവനക്കാർ ലഹരിയുടെ സ്വാധീനത്തിൽ ജോലിചെയ്യുന്നത് സുരക്ഷിതമായി ചുമതല നിർവഹിക്കാൻ തടസമാകുമെന്ന് ഇന്റർ‌നാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) പറയുന്നു. പല വിമാനക്കമ്പനികളിലെയും ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം ക്രമരഹിത ലഹരിപരിശോധന കൂട്ടണമെന്നാണ്. സാധാരണ മരുന്നുകൾ കഴിച്ചതും പരിശോധനയിൽ പോസിറ്റീവ് ഫലം നൽകാമെന്നതിനാൽ സ്ഥിരീകരണ പരിശോധനയും മെഡിക്കൽ അവലോകനവും വേണ്ടിവരും.

ഒരു വ്യക്തി മദ്യപിച്ചിട്ടുണ്ടോ എന്ന് ബ്രത്ത് അനലൈസർ വഴി പെട്ടെന്ന് കണ്ടെത്താനാകും. അതേസമയം കഞ്ചാവിന്റെ പ്രധാന ഘടകമായ ടിഎച്ച്സി ശരീരത്തിലെ കൊഴുപ്പിലാണ് സംഭരിക്കപ്പെടുന്നത്. അതിനാൽ കഞ്ചാവ് ഉപയോഗിച്ച് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാലും പരിശോധനയിൽ കണ്ടെത്താനാകും. പലപ്പോഴും പൈലറ്റ് വിമാനം പറത്തുന്ന സമയം ലഹരിയിലായിരുന്നോ അതോ ദിവസങ്ങൾക്ക് മുൻപ് ഉപയോഗിച്ചതാണോ എന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രീയമായി ബുദ്ധിമുട്ടാണ്.

  1. മൂത്ര പരിശോധന: ഈ പരിശോധനയ്ക്കായി ജീവനക്കാരുടെ മൂത്ര സാമ്പിളുകൾ രണ്ട് ബോട്ടിലിലായി ശേഖരിക്കുന്നു. ആദ്യ പരിശോധനയിൽ സംശയം തോന്നിയാൽ രണ്ടാമത്തെ സാമ്പിൾ അത്യാധുനിക ലബോറട്ടറി പരിശോധനകൾക്ക് (ജിസി/എംഎസ് അല്ലെങ്കിൽ എൽസി-എംഎസ്) അയക്കും.
  2. ക്രമരഹിത ലഹരിപരിശോധന: ഒരു വിമാന കമ്പനിയിലെ മൊത്തം ജീവനക്കാരിൽ കുറഞ്ഞത് 10 ശതമാനം പേരെയെങ്കിലും ഒരു വർഷത്തിൽ ക്രമരഹിത ലഹരിപരിശോധനയ്ക്ക് വിധേയരാക്കണം.
  3. മദ്യപാന പരിശോധന: ഓരോ വിമാന സർവീസിന് മുൻപും പൈലറ്റുമാരും ക്യാബിൻ ക്രൂവും ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയരാകണം. വിദേശത്ത് നിന്നും വരുന്ന വിമാനങ്ങളിലെ ജീവനക്കാരെ ഇന്ത്യയിൽ ഇറങ്ങിയ ഉടൻ വീണ്ടും പരിശോധിക്കും.

ശിക്ഷാനടപടികൾ

സാധാരണ അസുഖങ്ങൾക്കുള്ള മരുന്നുകൾ (ചുമയ്ക്കുള്ള മരുന്ന്, അലർജി മരുന്നുകൾ) കഴിക്കുന്നത് വഴിയും പരിശോധന ഫലം പോസിറ്റീവാകാൻ സാദ്ധ്യതയേറെയാണ്. അതിനാൽ മെഡിക്കൽ റിവ്യൂ ഓഫീസർ (എംആർഒ) ഇത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷാനടപടികളാകും നേരിടേണ്ടത്.

ആദ്യമായാണ് പരിശോധനാഫലം പോസിറ്റീവ് ആകുന്നതെങ്കിൽ സസ്പെൻഷനാകും ലഭിക്കുക. തുടർന്ന് ലഹരിവിമുക്ത ചികിത്സയ്ക്ക് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയാൽ മാത്രമെ തിരികെ ജോലിയിൽ പ്രവേശിക്കാനാകൂ. ജോലിയിൽ തിരിച്ചെത്തിയ ശേഷം രണ്ടാമതും പരിശോധനാഫലം പോസിറ്റീവായാൽ മൂന്ന് വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നാമതും പരിശോധനാഫലം പോസിറ്റീവായാൽ ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കും. ഇനി പരിശോധന നടത്താൻ വിസമ്മതിച്ചാൽ അതും ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം.

ജീവനക്കാരിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ മറ്റു ജീവനക്കാർ വിവരം അറിയിക്കേണ്ടതുണ്ട്. എന്നാൽ പലരും അതിന് തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നിലവിൽ വിമാനക്കമ്പനികളും എയർ നാവിഗേഷൻ സേവനദാതാക്കളും വർഷംതോറും കുറഞ്ഞത് പത്ത് ശതമാനം വിമാന ജീവനക്കാരെയും എയർ ട്രാഫിക് കൺട്രോളർമാരെയും പരിശോധിക്കണമെന്നാണ് ഡിജിസിഎ ചട്ടം. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്രമരഹിത പരിശോധന വർദ്ധിപ്പിക്കുകയാണ് മുന്നിലുള്ള വഴിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

English Summary

An Air India pilot-in-command tested positive for cannabis following a Phuket-Delhi flight on August 4, prompting discussions on aviation safety. Indian Directorate General of Civil Aviation (DGCA) rules strictly prohibit flight crew from using psychotropic substances, including cannabis, even where legal abroad. Penalties range from suspension and mandatory de-addiction to license cancellation. Authorities are emphasizing increased random drug testing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARIJUANA, MARIJUANA LEGAL ABROAD, PILOTS, INDIAN AIRLINE RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360