SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

കണ്ണാമ്പെട്ടിക്ക് ജീവൻ കൊടുത്ത്  കണ്ടൽ രാജൻ

kandal-1
കണ്ണാമ്പൊട്ടി നഴ്‌സറി

കണ്ണൂർ: തോണി കണ്ടൽക്കാടുകൾക്കിടയിലൂടെ നീങ്ങുമ്പോൾ രാജന്റെ കണ്ണുകൾ ഉടക്കുന്നത് പടർന്നുകിടക്കുന്ന കണ്ടൽ വേരുകളിലാണ്. ചിലത് വളർച്ച മുട്ടി നിൽക്കുന്നു. ചിലതിന്റെ ഇടയിൽ ഞെരിഞ്ഞമർന്ന് പ്ലാസ്റ്റിക് കുപ്പികൾ. സ്വന്തം മക്കളെപ്പോലെ കണ്ടലുകളെ കാത്തുസൂക്ഷിക്കുന്ന രാജന് ആ കാഴ്ച സഹിക്കാനാവില്ല. അതുകൊണ്ടാണ്, കണ്ടൽ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ഈ മനുഷ്യൻ ഇപ്പോൾ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ടത്. കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കണ്ണാമ്പെട്ടി എന്ന കണ്ടൽ ഇനത്തെ വംശനാശത്തിൽ നിന്ന് രക്ഷിക്കുക.

കണ്ണൂരിലെ കൈപ്പാട് മേഖലകളിൽ വിരലിലെണ്ണാവുന്ന രണ്ടുമൂന്ന് സ്ഥലങ്ങളിൽ മാത്രമാണ് കണ്ണാമ്പെട്ടിയെ ഇന്ന് കാണാനാവുന്നതെന്ന് രാജൻ പറയുന്നു. ഈ അപൂർവതയാണ് അയാളെ ചിന്തിപ്പിച്ചത്. പല സ്ഥലങ്ങളിൽ നിന്നായി വിത്തുകൾ ശേഖരിച്ച് വീട്ടിലെത്തിച്ച് മുളപ്പിക്കാൻ തുടങ്ങിയതും അതുകൊണ്ടുതന്നെ. ഏറെ ഔഷധഗുണങ്ങളുള്ള ഈ ചെടിക്ക് വംശനാശം സംഭവിക്കരുതെന്ന ആഗ്രഹമാണ് പിന്നിൽ.

രണ്ടായിരത്തിലധികം കണ്ണാമ്പെട്ടി തൈകളാണ് രാജന്റെ വീട്ടിൽ മുളപൊട്ടി വളർന്നത്. ഏത് ചെളിയിലും വേരോടുമെന്നതാണ് ഈ ചെടിയുടെ പ്രത്യേകതയെന്ന് രാജൻ ചൂണ്ടിക്കാട്ടുന്നു. സാധാരണ കണ്ടൽ ഇനങ്ങളിൽ കായ പാകമായി പൊട്ടിയാണ് പുതിയ ചെടികൾ ഉണ്ടാകാറുള്ളത്. എന്നാൽ പല സ്ഥലങ്ങളിലും വേണ്ടത്ര പരിചരണം കിട്ടാതെ കണ്ടലുകൾ നശിച്ചുപോകുന്നതാണ് കണ്ണാമ്പെട്ടിയുടെ വിത്തുകൾ നടാൻ രാജനെ പ്രേരിപ്പിച്ചത്. വിത്തിട്ടാൽ മുളച്ചുവരാൻ രണ്ടാഴ്ച എടുക്കും. നടാൻ പാകമാകുമ്പോഴേക്കും തൈയ്ക്ക് നാല് ഇലകളുണ്ടാകും.

8.08% കുഞ്ഞിമംഗലത്ത്
കണ്ണൂരിൽ സംസ്ഥാനത്ത് ആകെയുള്ള 17 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകളിൽ 8.08 ശതമാനവും കണ്ണൂരിലെ കുഞ്ഞിമംഗലത്താണെന്നത് ജില്ലയുടെ പാരിസ്ഥിതിക പ്രാധാന്യം അടയാളപ്പെടുത്തുന്നു. 1.374 കിലോമീറ്റർ ചതുപ്പുനിലങ്ങളിൽ പടർന്നുകിടക്കുന്ന ഈ കണ്ടൽ വനങ്ങളിൽ കുഞ്ഞിമംഗലവും പഴയങ്ങാടിയുമാണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടൽ ആവാസകേന്ദ്രങ്ങൾ. എഴുത്താണി കണ്ടൽ, കുറ്റി കണ്ടൽ, ഭ്രാന്തൻ കണ്ടൽ, ഉപ്പൂറ്റി കണ്ടൽ, വള്ളി കണ്ടൽ, ചുള്ളി കണ്ടൽ, ചക്കര കണ്ടൽ, നക്ഷത്ര കണ്ടൽ എന്നീ വൈവിദ്ധ്യമാണ് കണ്ണൂരിന്റെ കണ്ടൽ ആവാസവ്യവസ്ഥയെ അമൂല്യമാക്കുന്നത്.

കണ്ണാമ്പെട്ടിയിൽ നിന്നൊഴുകുന്ന പാൽ ശരീരത്തിൽ പതിച്ചാൽ പൊള്ളലേൽക്കാം. ആസിഡിനോളം കടുപ്പമുള്ള സ്വഭാവമാണ്. ക്യാൻസർ ചികിത്സയിൽ പോലും ഈ ചെടി ഉപയോഗിക്കുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. കൂടുതൽ പേർ കണ്ണാമ്പെട്ടി നട്ടുവളർത്തണമെന്നാണ് ആഗ്രഹം. തന്നെ സമീപിക്കുന്നവർക്കെല്ലാം സൗജന്യമായി തൈകൾ നൽകാൻ തയ്യാറാണ്

കണ്ടൽ രാജൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KANDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL