കണ്ണൂർ: മണൽ പാസുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലയിലെ 12 ഡീലർമാരുടെ പാസ് ജനറേഷൻ ജില്ല ജിയോളജി വകുപ്പ് സസ്പെൻഡ് ചെയ്തു. വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇ-പാസിൽ സമയത്തിൽ കൃത്രിമം നടത്തി മണൽ കടത്തുന്നതായി കണ്ടെത്തിയത്. ഡീലർമാർക്ക് ജിയോളജി വകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ജിയോളജി വകുപ്പിനെതിരെ ഉയരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയിരുന്നു.
ജിയോളജി വകുപ്പിൽ നിന്നും ഒരു വർഷത്തേക്ക് 50 ഓളം ഡീലർ ലൈസൻസുകളാണ് ജില്ലയിൽ നിലവിലുള്ളത്. ഡീലർമാർ മണൽ സംഭരിച്ച് വിൽപന നടത്തുന്നതിന് ഔദ്യോഗിക ഓൺലൈൻ സൈറ്റ് വഴി ഇ-പാസ് ലഭ്യമാകുമ്പോൾ വാഹനത്തിന്റെ നമ്പർ, മണൽ വാങ്ങിക്കുന്ന ആളുടെ പേര്, സ്ഥലം, എത്തിച്ചേരുന്നതിനുള്ള സമയം ഉൾപ്പെടെ രേഖപ്പെടുത്തണം. രേഖപ്പെടുത്തുന്ന സമയത്തിനിടെ കൂടുതൽ മണൽ കടത്തികൊണ്ടുപോവുന്നതായാണ് വ്യാപകമായി പരാതി ഉയരുന്നത്.
സംസ്ഥാന സർക്കാർ ഉത്തരവിലെ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് പലപ്പോഴും നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നത്. മുൻ കാലങ്ങളിൽ ഇ-പാസ് ലഭിക്കുന്നതിന് പൊലീസ്, റവന്യു വിഭാഗങ്ങളുടെ എൻ.ഒ.സി നിർബന്ധമായിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതി വിധിയും നിലവിലുണ്ട്. പത്തുവർഷം മുൻപ് വ്യവസായ വകുപ്പ് ചട്ടത്തിൽ വരുത്തിയ ഭേദഗതിയിലെ പഴുത് ഉപയോഗിച്ച് എൻ.ഒ.സി ഇല്ലാതെ മണൽ സംഭരണം തുടരുകയായിരുന്നു. പുതുക്കിയ ഭേദഗതിയിൽ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് ഇല്ലാത്തതും നിയമലംഘനങ്ങൾക്ക് കാരണമാവുകയാണ്. വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങൾ ഇല്ലാതാക്കുന്നതിന് എൻ.ഒ.സി സമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള ഇടപെടലുകൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |