
കണ്ണൂർ: വന്യമൃഗശല്യം രൂക്ഷമായതുമൂലം കർഷകരിൽ വലിയൊരു വിഭാഗം കൃഷിയും വീടും ഉപേക്ഷിച്ച് മലയോരം വിടുന്നു.ജീവന് ഭീഷണി നേരിടുന്നതും കൃഷിഭൂമി മൃഗങ്ങൾ കൈയടക്കിയത് വഴി ജീവനോപാധി അടയുന്നതുമാണ് കുടിയേറ്റമേഖലയിൽ നിന്നും കർഷകർ തിരിച്ചിറങ്ങുന്നതിന് പ്രധാന കാരണം.
കഴിഞ്ഞ ദിവസം മാലൂർ പെരുവങ്ങാട്ട് വയലിൽ കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങിയിരുന്നു. ജില്ലയിലെ മലയോരങ്ങളെല്ലാം പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം മൂലം ഭീഷണിയിലാണ്.കാട്ടാന,പന്നി ,കുരങ്ങ്, തുടങ്ങിയവയാണ് കൂടുതലും കൃഷിഭൂമിയിലേക്ക് കടന്നുകയറുന്നത് . മയിലുകളും വ്യാപകമാണ്.തെങ്ങുകളിലെ കായ്ഫലം ഒന്നാകെ നശിപ്പിക്കുന്ന കുരങ്ങുകൾ വലിയ നഷ്ടമാണ് കർഷകർക്ക് വരുത്തുന്നത് .
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ നിരവധി കർഷകരാണ് ഭൂമി ഉപേക്ഷിച്ച് സുരക്ഷിതപ്രദേശങ്ങളിലേക്ക് മാറിയത് മാറി.പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്,ഉദയഗിരി പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി വിവിധ കൃഷി ചെയ്തിരുന്നവരാണ് വീടും സ്ഥലവും വിറ്റൊഴിഞ്ഞും അല്ലാതെയും നഗര പരിധിയിലേക്ക് താമസം മാറിയത്.
നടുവിൽ പഞ്ചായത്തിലെ പൊട്ടംപ്ലാവ്, കനകക്കുന്ന്, മുന്നൂർ കൊച്ചി, കവരപ്ലാവ്, ചെകുത്താൻകാട്, കരാമരം തട്ട്, മൈലംപെട്ടി, മാവുഞ്ചാൽ, പാത്തൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിൽ നിലവിൽ ആൾതാമസമില്ല. ഇവയിൽ പലതും കാടുമൂടിയും നശിച്ചുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ഭൂമികളാകട്ടെ കാടുമൂടി വന്യമൃഗങ്ങളുടെ താവളമാവുകയാണ് .
റബർ ടാപ്പിംഗ് നടക്കുന്നില്ല
റബ്ബറിന് സാമാന്യം നല്ല വില കിട്ടുമ്പോഴും വന്യജീവികളെ ഭയന്ന് ടാപ്പിംഗ് തന്നെ ഉപേക്ഷിച്ചിരിക്കയാണ് കർഷകർ. കാട്ടുമൃഗങ്ങൾ താവളമാക്കിയ തോട്ടങ്ങളിൽ പോവാൻ ആളുകൾ ഭയപ്പെടുന്നു. ഏക്കറുകണക്കിന് റബർ തോട്ടങ്ങളാണ് ഇത്തരത്തിൽ കാടുമൂടി കിടക്കുന്നത്. അധിനിവേശ സസ്യമായ തോട്ടപ്പയർ എന്ന മ്യൂക്കുണ വർഗത്തിലെ വള്ളിച്ചെടികൾ മൂടിയിരിക്കുകയാണ് പല തോട്ടങ്ങളും. കാടുവെട്ടിത്തെളിക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തതും കൃഷിഭൂമി തരിശു കിടക്കുന്നതിനും അധിനിവേശ സസ്യങ്ങൾ വേഗത്തിൽ വളരുന്നതിന് കാരണമായിട്ടുണ്ട്.
എങ്ങും പുലിഭീഷണി
ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ച് നിരീക്ഷിച്ചുവരികയാണ്.ചെങ്ങളായി കുളത്തൂരിലും, പടിഞ്ഞാറെ മൂലയിലും ഒരുമാസത്തിനിടെ മൂന്ന് തവണയാണ് പുലിയെ കണ്ടത്. ജൂലായ് 21ന് രാത്രി എം.ടി വിനോദിന്റെ പശുക്കിടാവിനെ പുലി വലിച്ചുകൊണ്ടുപോയിരുന്നു. ജൂലായ് 23ന് കുളത്തൂരിൽ വീണ്ടും പുലിയെ കണ്ടു. ഏറ്റവുമൊടുവിൽ ചുഴലി പടിഞ്ഞാറെ മൂലയിലും പുലിയുടെ സാമീപ്യം കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്തെങ്കിലും പുലിയെ കണ്ടത്താനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |