
കേളകം: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കണമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുക്കുകയും പകരം മുക്കുപണ്ടം നൽകി മുങ്ങുകയും ചെയ്ത കേസിൽ പ്രതി ഇടുക്കി ബൈസൺ വാലി സ്വദേശി ബോബി ഫിലിപ്പിനെ കസ്റ്റഡിയിൽ വാങ്ങി കേളകം പൊലീസ് തെളിവെടുപ്പ് നടത്തി.കേരള ഗ്രാമീൺ ബാങ്ക് കേളകം ശാഖയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.
പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് നിരവധി ആളുകളും ബാങ്ക് പരിസരത്ത് എത്തിയിരുന്നു.
കേളകത്തെ ജ്വല്ലറി ഉടമ വെളിയത്ത് വിജയകുമാറായിരുന്നു തട്ടിപ്പിനിരയായത്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കേളകം ഗ്രാമീൺ ബാങ്കിൽ മൂന്നര ലക്ഷം രൂപയ്ക്ക് പണയം വെച്ചിട്ടുള്ള അഞ്ച് പവന്റെ മാല തിരിച്ചെടുക്കാൻ സഹായിച്ചാൽ അത് ജ്വല്ലറിക്ക് തന്നെ വിൽക്കാമെന്ന് ബോബി ജ്വല്ലറി ഉടമയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബാങ്കിന് പുറത്തുവെച്ച് നാല് ലക്ഷം രൂപ കൈപ്പറ്റിയ പ്രതി ബാങ്കിൽ നിന്ന് തിരിച്ചെടുത്തതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിജയകുമാറിന് മുക്കുപണ്ടം നൽകി പണവുമായി കടന്നുകളയുകയായിരുന്നു.
തട്ടിപ്പിന് ശേഷം ഗോവയിലേക്ക്
തട്ടിപ്പിന് ശേഷം ഗോവയിലേക്ക് കടന്ന പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് വെറും ഏഴ് ദിവസത്തിനകമാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.ബോബി ഫിലിപ്പിന് കോതമംഗലത്ത് മാത്രം സമാനമായ ഏഴ് കേസുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 42 കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |