SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

അമർനാഥ് തീർത്ഥാടകരെ സേവിച്ച് അച്ചാംതുരുത്തി സ്വദേശിയും

bsf
അമർനാഥിൽ പ്രവർത്തിക്കുന്ന ബി.എസ്.എഫ് മെഡിക്കൽ സംഘത്തിൽ കെ.വി. രാമചന്ദ്രൻ

നീലേശ്വരം: വിശുദ്ധ ഗുഹാക്ഷേത്രമായ ഹിമാലയത്തിലെ അമർനാഥിലെത്തുന്ന തീർത്ഥാടകരെ സേവിച്ച് അച്ചാംതുരുത്തി സ്വദേശി കെ.വി.രാമചന്ദ്രനും.

1990ൽ ബി.എസ്.എഫിൽ ചേർന്ന രാമചന്ദ്രൻ ഈ വർഷമാണ് അമർനാഥ് തീർത്ഥാടകരെ സേവിക്കാനുള്ള മെഡിക്കൽ സംഘത്തിൽ ചേർന്നത്. മെഡിക്കൽ സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്. 2000ലാണ് ബി.എസ്.എഫ് മെഡിക്കൽ സംഘത്തിൽ രാമചന്ദ്രൻ പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതിനിടയിൽ പഞ്ചാബ്, ഡൽഹി, കാശ്മീർ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

അമർനാഥിലെ സ്വാഭാവികമായി രൂപംകൊള്ളുന്ന ഹിമശിവലിംഗം ദർശിക്കാനാണ് ലക്ഷക്കണക്കിന് തീർത്ഥാടകർ വർഷംതോറും ഇവിടെ എത്തുന്നത്. കഴിഞ്ഞവർഷം 4 ലക്ഷം തീർത്ഥാടകരാണ് എത്തിയത്.

9 ഡിഗ്രിയാണ് ഇപ്പോഴത്തെ തണുപ്പ്. 1200 അടി ഉയരത്തിലുള്ള പർവ്വത നിരകൾ താണ്ടിയാണ് തീർത്ഥാടകർ എത്തേണ്ടത്. ചിലപ്പോൾ തീർത്ഥാടകർക്ക് ഓക്സിജൻ വരെ അപ്രാപ്യമാണ്. അതിനുവേണ്ടുന്ന മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. ഓൺലൈൻ വഴി അപേക്ഷിക്കുന്നവർക്ക് മാത്രമെ പ്രവേശനമുള്ളൂ. പെഹൽ ഗാം വഴിയും ബാൽത്താർ വഴിയിൽക്കൂടിയുമാണ് പ്രവേശനം. നടക്കാൻ പറ്റാത്തവർക്ക് കുതിര വണ്ടി, ചങ്ങാടം എന്നിവ ഒരുക്കിയിട്ടുണ്ട്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് തീർത്ഥാടനത്തിന്റെ കാലയളവ്. ഈ കാലയളവിലാണ് ശിവലിംഗം പ്രത്യക്ഷപ്പെടുക. അതു കഴിഞ്ഞാൽ ശിവലിംഗം ഉരുകി അപ്രത്യക്ഷമാവും. ഇത് കാണാനാണ് അംഗവൈകല്യമുള്ളവർ വരെ തീർത്ഥാടനത്തിനെത്തുന്നത്.

ബി.എസ്.എഫിന്റെ മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. പ്രാഥമിക ചികിത്സ, അടിയന്തര ചികിത്സ, ഓക്സിജൻ സഹായം, ആവശ്യമായ മരുന്നുകൾ എന്നിവ നൽകുന്നതിനു പുറമെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേഗത്തിൽ ഉയർന്ന ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള സൗകര്യവും ഇവിടെ ബി.എസ്.എഫ് ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL