കാസർകോട്: തായ്ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന ഡീലർ ഉപ്പള പത്വാടി സ്വദേശിയായ ശുഹൈൽ (30) ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഉപ്പള പത്വാടിയിൽ നിന്ന് 3.407 കിലോ എം.ഡി.എം.എ, 642 ഗ്രാം കഞ്ചാവ്, കൊക്കെയ്ൻ, ലഹരി ഗുളികകൾ എന്നിവ പിടികൂടിയ കേസിലെ പ്രധാന കണ്ണികളിലൊരാളാണ് ശുഹൈലെന്ന് പൊലീസ് അറിയിച്ചു.
ദുബൈയിൽ മറ്റൊരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശുഹൈലിനെ പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയതോടെ ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവച്ചു. തുടർന്ന് മഞ്ചേശ്വരം പൊലീസിനും കാസർകോട് ജില്ലാ പൊലീസിനും വിവരം കൈമാറി. മഞ്ചേശ്വരം ഇൻസ്പെക്ടർ പി.കെ ജിജീഷ്, കാസർകോട് ഡിവൈ.എസ്.പിയുടെ മൂന്ന് സ്ക്വാഡ് അംഗങ്ങൾ എന്നിവർ വിമാന മാർഗം ഡൽഹിയിലെത്തി ശുഹൈലിനെ കസ്റ്റഡിയിലെടുത്ത് കാസർകോട്ടെത്തിക്കും. പത്വാടി മയക്കുമരുന്ന് കേസിൽ മുഖ്യകണ്ണിയെ രണ്ടാഴ്ച മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് തളങ്കര ബാങ്കോട്ടെ ഷബീബബാഗ് ഹൗസിലെ മുഹമ്മദ് ലിസാൻ അലി (32) ആണ് പിടിയിലായത്. എ.എസ്.പി അശോക് അച്യുതിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷും സംഘവും കർണാടകയിലെ മടിക്കേരി കുശാൽനഗറിലെ ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇടപാടിനായി പണം എത്തിച്ചതിലും സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതിലും ലിസാൻ അലിക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |