
കൊല്ലം: ഓട നിർമ്മാണത്തിൽ കുടുങ്ങി മൂന്ന് മാസമായി സ്തംഭിച്ച് ഇത്തിക്കര അടിപ്പാത നിർമ്മാണം. അടിപ്പാതയിൽ നിന്നുള്ള ഓട തൊട്ടടുത്തുള്ള മൂഴിയിൽക്കുളത്തിലേക്ക് നീട്ടാനായിരുന്നു നേരത്തെയുള്ള തീരുമാനം. മൂഴിയിൽക്കുളത്തിലേക്ക് വലിയളവിൽ ജലമെത്തിയാൽ നൂറിലേറെ വീടുകളിൽ വെള്ളം കയറുമെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് അടിപ്പാത നിർമ്മാണം സ്തംഭിച്ചത്.
ദേശീയപാത വികസനത്തിന്റെ ആദ്യ രൂപരേഖയിൽ ഇത്തിക്കരയിൽ അടിപ്പാത ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആറുവരി പാതയുടെ ഉയരത്തിൽ തന്നെ ഇത്തിക്കര പാലത്തോട് ചേർന്നുള്ള ഭാഗത്ത് സർവീസ് റോഡും നിർമ്മിച്ചു. ഇതോടെ ഇത്തിക്കര വയൽഭാഗത്തേക്ക് കുത്തിറക്കം രൂപപ്പെട്ടതോടെ അവിടെ നിന്നുള്ള വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിപ്പാത അനുവദിച്ചത്.
ആറുവരി പാതയ്ക്ക് കുറുകെയുള്ള അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ മൂഴിയിൽക്കുളം ഭാഗത്തേക്ക് ഓട നിർമ്മിക്കാൻ 65 ലക്ഷം രൂപ എൻ.എച്ച്.എ.ഐ ആദിച്ചനല്ലൂർ പഞ്ചായത്തിന് കൈമാറി. ഓട നിർമ്മാണത്തെക്കുറിച്ച് വീണ്ടും ആലോചിച്ചപ്പോഴാണ് കൂടുതൽ ജലം ഒഴുകിയെത്തിയാൽ മൂഴിയിൽക്കുളത്തിന്റെ സമീപത്ത് വെള്ളപ്പെൊക്കം ഉണ്ടാകുമെന്ന തിരിച്ചറിവ് അധികൃതർക്ക് ഉണ്ടായത്. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം ശക്തമാക്കിയതോടെ അടിപ്പാതയുടെ നിർമ്മാണം നിറുത്തിവയ്ക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, പഞ്ചായത്ത്, പൊതുമരാമത്ത്വകുപ്പ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു. ഓട ഇത്തിക്കര ആറ്റിലേക്ക് നീട്ടുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |