
കൊല്ലം: ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ നിന്ന് ഏത് ദൈവത്തെയും പ്രാർത്ഥിക്കാമെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വനിതാ സംഘവുമായി ചേർന്ന് ആരംഭിച്ച ഗുരുദർശന പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
നാം ശരീരമല്ല അറിവാകുന്നു എന്നാണ് ഗുരുദേവൻ പറഞ്ഞത്. എല്ലാവരും പ്രാർത്ഥിക്കുന്നത് ഒരു ദൈവത്തെയാണ്. പല പേരിട്ട് വിളിക്കുന്നുവെന്നേയുള്ളു. ഗുരുദേവൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് വിദ്യാഭ്യാസത്തിനാണ്. അറിവില്ലാത്തതാണ് അക്കാലത്ത് അവർണരായി മുദ്രകുത്തപ്പെട്ടവരുടെ യഥാർത്ഥ പ്രശ്നമെന്ന് ഗുരു തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഗുരു വിദ്യകൊണ്ട് പ്രബുദ്ധരാകാൻ പറഞ്ഞത്. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ കല്പിച്ച അഷ്ട ലക്ഷ്യങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകിയതും വിദ്യാഭ്യാസത്തിനായിരുന്നുവെന്നും പ്രീതി നടേശൻ പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ഭാസി, കൗൺസിലർമാരായ വി.ഹനീഷ്, എസ്.അനിൽകുമാർ, പുഷ്പ പ്രതാപ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി.സജീവ്, വനിതാ സംഘം പ്രസിഡന്റ് സുനില രാജേന്ദ്രൻ, സെക്രട്ടറി സച്ചു, ട്രഷറർ ഉഷ സതീഷ്, നേതാക്കളായ ശശികല, ഷെർലി, ഗായത്രി ഉദയൻ, ആശ, ഷീബ, നീന ശശി, അനിത, രേണുക, സൈബർ സേന കൺവീനർ മനോജ് ബാബു, പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി അംബുജാഷ പണിക്കർ, കുമാരി സംഘം പ്രസിഡന്റ് കുമാരി ശിവനന്ദ എന്നിവർ സംസാരിച്ചു. കോട്ടയം ശ്രീനാരായണ സേവാനികേതൻ ഡയറക്ടർ രാജേന്ദ്രപ്രസാദ് പഠനപദ്ധതി വിശദീകരിച്ചു. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സുഷ സുരേഷ് നന്ദി പറഞ്ഞു. അടുത്ത മാസം 9ന് ഉച്ചയ്ക്ക് 1.30ന് യൂണിയൻ ഹാളിൽ ആദ്യ ക്ലാസ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |