കൊല്ലം: ജാതി സമ്പ്രദായവും അടിമ സമ്പ്രദായവും അവസാനിപ്പിക്കുന്നതിൽ മിഷനറിമാരുടെ പ്രവർത്തനം വലിയ പങ്കു വഹിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. പട്ടത്താനം ഭാരത രാജ്ഞി ഇടവക ഓഡിറ്റോറിയത്തിൽ ഭാരതത്തിലെ പ്രഥമ കത്തോലിക്ക രൂപതയായ കൊല്ലം രൂപതയുടെ മൂന്നുവർഷം നീണ്ടുനിൽക്കുന്ന 700 ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ദർശനം ഹൃദയത്തിലേറ്റിയ മിഷനറിമാരുടെ കേന്ദ്രമാണ് കൊല്ലം. കൊല്ലം രൂപതയെയും കൊല്ലം തുറമുഖത്തെയും കുറിച്ച് മാർക്കോപോളോ ഉൾപ്പടെയുള്ള സഞ്ചാരികൾ യാത്രാ വിവരണങ്ങളിൽ രേഖപ്പെടുത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. മിഷനറിമാർ ബൈബിൾ പ്രചാരണത്തിനായി അച്ചടി ആരംഭിച്ചതോടെയാണ് നാട്ടിലെ അച്ചടി സമ്പ്രദായത്തിന് തുടക്കമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ അദ്ധ്യക്ഷത വഹിച്ചു. വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതിയുടെ പേപ്പൽ സന്ദേശം ജൂബിലി കൺവീനർ ഫാ. ജോസഫ് ജോൺ വായിച്ചു. രൂപത പി.ആർ.ഒ ഫാ. ലാസർ.എസ്.പട്ടകടവ് പരിഭാഷപ്പെടുത്തി. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, രൂപത മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, കൊല്ലം മേയർ എ.കെ.ഹഫീസ്, വിഷ്ണു മോഹൻ എം.എൽ.എ, സന്യസ്ത പ്രതിനിധി വിമല, ഹൃദയസഭയുടെ മദർ ജനറൽ സിസ്റ്റർ റെനോറ മേരി, അൽമായ പ്രതിനിധി പ്രൊഫ. ബിജു ടെറൻസ് അരവിള, കെ.സി.വൈ.എം രൂപത പ്രസിഡന്റ് അലക്സ്.കെ.ന്നെഡി എന്നിവർ സംസാരിച്ചു.
വാർഷികാഘോഷ വേളയിൽ രൂപതയിലെ ഓരോ ഭവനത്തിലേക്കും പ്രയാണം ചെയ്യാനുള്ള 'ക്രിസ്തുജ്യോതി ജൂബിലിദീപം' ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ തെളിച്ചു. രൂപത മദ്ധ്യസ്ഥ കർമ്മല മാതാവിന്റെ ഛായാചിത്രവും അദ്ദേഹം അനാവരണം ചെയ്തു. കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി സ്വാഗതവും വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |