SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ഹൈടെക് കൃഷിയിൽ പുഷ്പഹാസിന് സംസ്ഥാന പുരസ്കാരം

കൊല്ലം: ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ മാർഗങ്ങളും സംയോജിപ്പിച്ച് കൃഷിയിൽ വലിയ മുന്നേറ്റം തീർത്ത യുവകർഷകന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ചിതറ വളവുപച്ച ഇടക്കുന്നിൽ ദിനിയയിൽ പുഷ്പഹാസിനാണ് (45) മികച്ച ഹൈടെക് കർഷകനുള്ള പുരസ്കാരം ലഭിച്ചത്.

പരമ്പരാഗത ശൈലിയിൽ നിന്ന് മാറി മണ്ണില്ലാതെയും മഴയെ പേടിക്കാതെയും കൃഷിയിൽ വിജയം കൊയ്താണ് നേട്ടം സ്വന്തമാക്കിയത്. ​4200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ അഞ്ച് പോളിഹൗസുകളിലാണ് പുഷ്പഹാസിന്റെ കൃഷി. ഓപ്പൺ വെർട്ടിലേറ്റഡ് മാതൃകയിൽ സലാഡ് വെള്ളരിയും പയറുമാണ് പ്രധാനമായി വിളയിക്കുന്നത്. താപനിലയും ആർദ്രതയും വായുസഞ്ചാരവും ക്രമീകരിച്ച് വർഷം മുഴുവൻ വിളവെടുപ്പ് സാദ്ധ്യമാകുന്നുണ്ട്.
ഫാമിൽ പൂച്ചെടികൾ, വിവിധ പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ എന്നിവയോടൊപ്പം കോഴി, മുയൽ, മത്സ്യകൃഷിയും ഉൾപ്പെടുത്തി സമഗ്രമായ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. കൃഷിവകുപ്പിന്റെയും കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും കൃത്യമായ മാർഗനിർദേശങ്ങളും സാങ്കേതിക പിന്തുണയും വിജയത്തിന് കരുത്ത് പകർന്നു. അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ടും ബാങ്ക് വായ്പയുമാണ് സംരംഭത്തിന് മുതൽക്കൂട്ടായത്.

​ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടും കൃഷി തന്റെ ഫാഷനാക്കുകയായിരുന്നു. ഇതിനോടകം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. അദ്ധ്യാപികയായ ഭാര്യ അനുജിയും പ്ലസ് വൺ വിദ്യാർത്ഥിയായ മകൻ പാർത്ഥിവും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

​മണ്ണില്ലാ കൃഷിയിലെ മാന്ത്രികൻ

​മണ്ണ് രോഗങ്ങളെയും കീടബാധകളെയും പേടിക്കാതെ ശാസ്ത്രീയമായ രീതിയിലാണ് കൃഷി. പോളിഹൗസിനുള്ളിലെ തറയിൽ കനത്തിൽ ചകിരിച്ചോറ് (കോക്കോപീറ്റ്) വിരിച്ച ശേഷം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവയുടെ പ്രത്യേക മിശ്രിതത്തിലാണ് ചെടികൾ വളർത്തുന്നത്. തുള്ളിനന സംവിധാനം വഴി വെള്ളവും വളവും വേരുകളിലേക്ക് നേരിട്ടെത്തിക്കുന്നു. ദിവസേന 350 കിലോ സലാഡ് വെള്ളരിയും 60 കിലോ പയറുമാണ് ഇപ്പോൾ വിളവെടുക്കുന്നത്. പ്രാദേശിക ചന്തകളിലും ഹൈപ്പർമാർക്കറ്റുകളിലുമാണ് വിപണി കണ്ടെത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL