കൊല്ലം: ഗാർഭാശയഗള കാൻസർ പ്രതിരോധ വാക്സിനേഷൻ ജില്ലയിൽ 86 % പൂർത്തിയായി. ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കാനായി 14 വയസ് പൂർത്തിയായി 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് സർക്കാർ എച്ച്.പി.വി വാക്സിൻ സൗജന്യമായാണ് നൽകുന്നത്.
ജില്ലയിൽ 16,787പെൺകുട്ടികൾക്ക് ആശുപത്രികളിലും സ്കൂളുകളിലുമായി എച്ച്.പി.വി വാക്സിൻ നൽകി. ഇതോടെ ജില്ലയിൽ ശേഷിക്കുന്ന അർഹരായ പെൺകുട്ടികൾക്കും വാക്സിൻ ലഭ്യമാക്കി വാക്സിനേഷൻ ലക്ഷ്യം പൂർണമായി കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി തുടരുകയാണ്.
എച്ച്.പി.വി അണുബാധയാണ് ഗർഭാശയഗള ക്യാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൃത്യമായ പ്രായത്തിൽ എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നത് ഭാവിയിൽ എച്ച്.പി.വി മൂലമുണ്ടാകുന്ന രോഗങ്ങളും ഗർഭാശയഗള ക്യാൻസറും തടയുന്നതിനുള്ള പ്രധാന പ്രതിരോധ നടപടിയാണ്. കൗമാരപ്രായത്തിൽ തന്നെ വാക്സിൻ നൽകുന്നതിലൂടെ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പെൺകുട്ടികൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കാനാകും.
ഈമാസം 31 വരെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നാലായിരം രൂപ വിലയുള്ള എച്ച്.പി.വി വാക്സിൻ ലഭ്യമാണ്. അർഹരായ പെൺകുട്ടികളുടെ മാതാപിതാക്കൾ സമീപത്തെ സർക്കാർ ആശുപത്രിയുമായോ കുടുംബാരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ മനസിലാക്കി വാക്സിൻ സ്വീകരിക്കണം.
ഡോ. എ.എൽ.ഷീജ, ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |