SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

ജി​ല്ലയി​ലെ സൈബർ കെണിയിൽ നഷ്ടം 44.74 കോടി

കൊല്ലം: ജില്ലയിൽ ഒരു വർഷത്തിനിടെ സൈബർ തട്ടിപ്പുകാർ കവർന്നത് 44.74 കോടി രൂപ. 2,999 പരാതികളാണ് ഇക്കാലയളവിൽ ലഭിച്ചത്. ഇതിൽ 11.09 കോടി പൊലീസ് തിരികെ പിടിച്ചു. ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ട്രേഡിംഗിന്റെ മറവിലുമാണ് തട്ടിപ്പുകൾ ഏറെയും.

ജോലി വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കലുകളിൽ സംസ്ഥാനത്താകെ ഇരകളായത് 3028 സ്ത്രീകളാണ്.

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിന് ഇരയായവരിൽ 32.04 ശതമാനവും മുതിർന്ന പൗരന്മാരാണ്. കുണ്ടറ പുലിപ്ര സ്വദേശിയായ 67കാരന് ഓൺലൈൻ ട്രേഡിംഗിൽ 1.62 കോടി രൂപ നഷ്ടമായി. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട അജ്ഞാത ലിങ്കുകളിൽ ലോഗിൻ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രായമായവർ മാത്രമല്ല, യുവാക്കളും സൈബർ കെണിയിൽ വീഴുന്നുണ്ട്. തഴുത്തല സ്വദേശിനിയിൽ നിന്ന് ടെലിഗ്രാം ടാസ്‌കുകൾ നൽകി 29 ലക്ഷത്തിലധികം രൂപയും വടക്കേവിള സ്വദേശിയായ യുവാവിൽനിന്ന് സമാനരീതിയിൽ 40 ലക്ഷത്തിലധികം രൂപയും തട്ടിയ കേസുകളുണ്ട്. 2024ൽ രജിസ്റ്റർ ചെയ്ത ഈ കേസുകളിൽ ഒളിവിലായിരുന്ന എറണാകുളം, തൃശൂർ സ്വദേശികളെ ഈവർഷമാദ്യം കൊല്ലം സൈബർ പൊലീസ് പിടികൂടിയിരുന്നു.

വിദ്യാർത്ഥികൾ വഴി

‘മണി മ്യൂൾ’ തട്ടിപ്പ്

ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്ന ‘മണി മ്യൂൾ’ ഇടപാടുകളും ജില്ലയിൽ സജീവമാണെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനാണ് സൈബർ കുറ്റവാളികൾ അക്കൗണ്ടുകൾ വാടകയ്ക്ക് എടുക്കുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇത്തരം ഇടപാടുകൾ വ്യാപിക്കുന്നത്. അടുത്തിടെ തൃശൂരിലെ കേസിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയ കൊല്ലം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. വാടകപ്പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അക്കൗണ്ടുകൾ കൈമാറുന്നത്. ഇവരാകട്ടെ അക്കൗണ്ട് ഫ്രീസാകുമ്പോഴാണ് ഗൗരവമറിയുന്നത്. ഇത്തരത്തിൽ കുടുങ്ങിയ പലർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നോട്ടീസ് കിട്ടി. ഈ കേസുകൾ ഒത്തുതീർക്കാൻ വഴി ചോദിച്ച് ജില്ലയിലെ സൈബർ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും ക്യൂവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കേസ്, തട്ടിയ തുക, തിരിച്ചുപിടിച്ച തുക (കോടിയി​ൽ):

കൊല്ലം സിറ്റി: 1499, 26.33, 6.69

കൊല്ലം റൂറൽ: 1500,18.41, 4.40

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL