SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

പൈനാപ്പിൾ കൃഷി: വായ്പാ സൗകര്യം പിൻവലിച്ച് ബാങ്കുകൾ അത്ര മധുരിക്കാതെ കർഷകജീവിതം...

www

കോട്ടയം: ജില്ലയിലെ പൈനാപ്പിൾ കർഷകർക്ക് ഇത് പ്രതിസന്ധിയുടെ കാലമാണ്. വിപണിയിൽ പൈനാപ്പിളിന് ഡിമാൻഡ് കുറഞ്ഞതാണ് ആദ്യ തിരിച്ചടി. ഇതിന് പിന്നാലെ ദേശസാത്കൃത ബാങ്കുകൾ പൈനാപ്പിൾ കൃഷിക്കായി നൽകിയിരുന്ന പ്രത്യേക കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) വായ്പാ സൗകര്യം പിൻവലിച്ചത് കർഷകർക്ക് ഇരട്ടപ്രഹരമായി. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ വേനലും വിലയിടിവും കർഷകർക്ക് സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രമാണ്. മൺസൂൺ കാലത്തെ വിളവെടുപ്പ് സമയത്ത് മഴയിൽ പഴങ്ങൾ നശിച്ചതും വെല്ലുവിളിയായി. എലി ഉൾപ്പെടെയുള്ള ജീവികളുടെ ആക്രമണം വർദ്ധിച്ചത് നഷ്ടഭാരം കൂട്ടി. ഒന്നാം ഗ്രേഡ് പച്ച പൈനാപ്പിളിന് കിലോഗ്രാമിന് 43 രൂപ വരെയാണ് ലഭിച്ചിരുന്നത്. എന്നാൽ ആവശ്യക്കാർ കുറഞ്ഞതിനാൽ ഇപ്പോൾ ലഭിക്കുന്നത് കിലോയ്ക്ക് ശരാശരി 24 രൂപ മാത്രമാണ്. നിലവിൽ മുടക്കുമുതൽ പോലും ലഭിക്കാത്ത സാഹചര്യമാണ്. .

40 രൂപയെങ്കിലും ലഭിക്കണം

കുറഞ്ഞത് പൈനാപ്പിളിന് കിലോഗ്രാമിന് 40 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

പ്രതികൂല കാലാവസ്ഥ വില്ലനായി
ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് പൈനാപ്പിൾ കൂടുതലായും കയറ്റിഅയയ്ക്കുന്നത്. എന്നാൽ അവിടെ മഴ ശക്തമായതോടെ ആവശ്യക്കാർ കുറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ പഴങ്ങളുടെ വലിപ്പവും തൂക്കവും കുറഞ്ഞു. വന്യജീവി ആക്രമണവും ഉത്പ്പാദനത്തെ സാരമായി ബാധിച്ചു.

പലിശഭാരം ഇരട്ടിയാകും

ബാങ്കുകൾ നൽകിയിരുന്ന പ്രത്യേക വായ്പാപദ്ധതി അവസാനിപ്പിച്ചതോടെ ഇനി എന്ത് എന്ന ചോദ്യമാണ് കർഷകർ ഉയർത്തുന്നത്. നേരത്തെ പലിശ അടച്ച് വായ്പ പുതുക്കാൻ സൗകര്യമുണ്ടായിരുന്നു. പുതിയ രീതിയിൽ കാലാവധി കഴിഞ്ഞാൽ വായ്പ ഒരുമിച്ച് തിരിച്ചടച്ച ശേഷമേ പുതിയ വായ്പയ്ക്ക് അപേക്ഷിക്കാനാകൂ. ഇതോടെ പലിശഭാരവും വർദ്ധിക്കും.


വായ്പ മുഴുവനായും ഒരുമിച്ച് അടയ്‌ക്കേണ്ട സ്ഥിതിയാണ്. വളങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ ഇടപെടണം. ( പൈനാപ്പിൾ കർഷകർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PINEAPPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL