ബേപ്പൂർ: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റോഡരികിൽ തളർന്നുവീണ വൃദ്ധന്റെ പണവും രേഖകളും അടങ്ങിയ പേഴ്സ്, സഹായിക്കാനെന്ന വ്യാജേന എത്തിയ ആൾ അടിച്ചെടുത്ത് മുങ്ങി! ബി.സി റോഡ് ജംഗ്ഷന് സമീപം കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം . വർഷങ്ങൾക്ക് മുമ്പ് പയ്യാനക്കൽ ഭാഗത്ത് കോൺക്രീറ്റ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ് വർഷങ്ങളായി ജോലിക്ക് പോകാൻ കഴിയാതെ ഊന്നുവടിയുടെ സഹായത്തോടെ ജീവിക്കുന്ന പുലാത്തിശ്ശേരി അഭയകുമാർ ( 73) ആണ് തട്ടിപ്പിനിരയായത്.
ബി.സി റോഡ് ജംഗ്ഷന് സമീപം വാടകവീട്ടിലാണ് അഭയകുമാറിന്റെ താമസം. ഏക വരുമാനമായ വാർദ്ധക്യ പെൻഷൻ വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയിൽ തളർന്നുവീഴുകയായിരുന്നു. സഹായിക്കാനെത്തിയ ആൾ ഇദ്ദേഹത്തെയും കൂട്ടി സമീപത്തെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കീശയിൽ നിന്നും പേഴ്സ് എടുത്ത് മുങ്ങുകയായിരുന്നു. 4000 രൂപയും രേഖകളുമാണ് നഷ്ടപ്പെട്ടത്. പിന്നീട് റോഡരികിൽ കണ്ട ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ബേപ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആറുവർഷം മുമ്പ് ഭാര്യ മരിച്ചതിനെ തുടർന്ന് മകളോടൊപ്പമാണ് താമസിച്ചു വരുന്നത്. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ബി.സി റോഡ് ജംഗ്ഷൻ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫീസിന് മുൻവശം വച്ച് കൊല്ലം സ്വദേശിയായ തൊഴിലാളിയെ മർദ്ദിച്ച് ഫോണും പണവും കവർന്ന സംഭവവും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |