കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യബസ് മേഖലയിൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസുകൾ കൂട്ടത്തോടെ സർവീസ് അവസാനിപ്പിക്കുന്ന ജി ഫോം നൽകിക്കൊണ്ടുള്ള സമരമാണ് പിൻവലിച്ചത്. എ.ഡി.എം. കെ. അജീഷ് ജില്ലാ ഭരണകൂടത്തിനു വേണ്ടി ചർച്ച നിയന്ത്രിച്ചു. ജില്ലയിലെ സ്വകാര്യ ബസ് മേഖലയിലെ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് എ.ഡി.എം. കെ. അജീഷ് പറഞ്ഞു. വയനാട്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തിവച്ചാൽ ഗുരുതരമായ പ്രതിസന്ധി ഉണ്ടാകും. അതിനാൽ തന്നെ ഇത്തരമൊരു സമര രീതി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുകയായിരുന്നു.
ചർച്ചയിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ്, സെക്രട്ടറി രഞ്ജിത്ത് റാം, ട്രഷറർ സി.എ. മാത്യു, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധി പി.കെ. രാജശേഖരൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളായ സദാശിവൻ കൽപ്പറ്റ, എൽദോസ് കൽപ്പറ്റ, ട്രേഡ് യൂണിയൻ പ്രതിനിധികളായ സന്തോഷ് കുമാർ (ബി.എം.എസ്), കെ.പി. രാജു കൃഷ്ണ (എച്ച്.എം.എസ്) എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ആർ.ടി.ഒയും കെ.എസ്.ആർ.ടി.സി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
മൂന്നിന് വീണ്ടും ചർച്ച
വയനാട് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും ജി ഫോം നൽകി ബസുകൾ നിർത്തിയിട്ടുള്ള സമരം നടത്താൻ സന്നദ്ധരായിരുന്നു. ഇതിനിടയിലാണ് സമവായ ചർച്ച നടന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി മൂന്നിന് ജില്ലാ ഭരണകൂടം ചർച്ച നടത്തും. കെ.എസ്.ആർ.ടി.സിയിൽ പ്രിയദർശിനി വനിത സൗജന്യ യാത്ര ആരംഭിച്ച ശേഷം സ്വകാര്യ മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പ്രതിദിനം 3000 രൂപ മുതൽ 5000 രൂപ വരെയുള്ള നഷ്ടമാണ് ഓരോ ബസ് ഉടമകളും നേരിടുന്നത്. വരുമാനത്തിനനുസരിച്ച് കൂലി നിശ്ചയിക്കുന്നതിനാൽ തന്നെ ഈ നഷ്ടം തൊഴിലാളികളെയും സാരമായി ബാധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |