കോഴിക്കോട്: റേഷൻവിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജില്ലയിൽ ബാധിക്കുക 38483 കാർഡുകളിലായി 124925 ഗുണഭോക്താക്കളെ. മഞ്ഞ കാർഡുടമകളുടെ പ്രതിമാസ ധാന്യവിഹിതം വെട്ടിച്ചുരുക്കാനാണ് ഭക്ഷ്യഭദ്രതാ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യമായി ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഒരു കുടുംബത്തിലെ അംഗത്തിന് ഏഴ് കിലോ ആയി നിജപ്പെടുത്താനാണ് കേന്ദ്ര നീക്കം. നിലവിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ എഎവൈ കാർഡുടമയ്ക്ക് 35 കിലോ സൗജന്യഭക്ഷ്യധാന്യമാണ് ലഭിച്ചിരുന്നത്. ഇതോടെ രണ്ട് പേരുള്ള കുടുംബത്തിൽ 35 കിലോ കിട്ടിയിരുന്നത് 14കിലോയായി ചുരുങ്ങും. ഒറ്റയടിക്ക് കുറയുന്നത് 21കിലോ.നിലവിൽ 13,50,825 കിലോഗ്രാം അരിയാണ് ജില്ലയ്ക്ക് നൽകുന്നത്. ഇത് ഗണ്യമായി കുറയും.
എ.എവൈ കുടുംബങ്ങൾ കൂടുതലും തീരദേശത്ത്
സാധാരണ ഒരു കാർഡിൽ നിലവിൽ ഒന്നുമുതൽ അഞ്ച് അംഗങ്ങളാണ്. അഞ്ച് പേരിൽ കൂടുതൽ ഉണ്ടെങ്കിലും പരമാവധി 35 കിലോയെ ലഭിക്കൂ. കോഴിക്കോട് ജില്ലയിൽ എ എവൈ കുടുംബാംഗങ്ങൾ ഏറെയുള്ളത് തിരദേശത്താണ്. ഇതിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും. ട്രോളിംഗ് തുടങ്ങിയതും ഇന്ധനവില കൂടിയതും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇവർക്ക് റേഷൻ വെട്ടിച്ചുരുക്കൽ വൻ തിരിച്ചടിയാവുകയാണ്. 35 കിലോ ഓരോ മാസവും സൗജന്യമായി ലഭിച്ചിരുന്നത് തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. അരി വിഹിതം കുറക്കുന്നതോടെ ഇത് റേഷൻ വ്യാപാരികളുടെ കുടുംബത്തേയും ബാധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയായുള്ള കുടുംബങ്ങൾക്കായി 2000ത്തിലാണ് കേന്ദ്രം പദ്ധതി തുടങ്ങിയത്.
റേഷനും മുടങ്ങി
ട്രോളിംഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ റേഷൻ വിതരണവും മുടങ്ങിക്കിടക്കുകയാണ്. നിരോധനം തുടങ്ങി 20 ദിവസമായിട്ടും പലർക്കും റേഷൻ ലഭിച്ചില്ല. പഞ്ഞമാസ ആനുകൂല്യവും (സമ്പാദ്യ സമാശ്വാസ പദ്ധതി) നിലച്ച മട്ടാണ്. ഇതോടെ തീരദേശ മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉൾപ്പെടെ മൂവായിരത്തോളം പേരാണ് ജില്ലയിലുള്ളത്.
'' എ.എ.വൈ കാർഡ് ഉടമകളുടെ അരിവിഹിതം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണം. മുൻഗണനാ റേഷൻ കാർഡുകളായ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഇവർക്ക് ഒരു പോലെ 10 കിലോ അരി അനുവദിക്കണം.''-
-ടി മുഹമ്മദാലി,
ജനറൽ സെക്രട്ടറി
ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
ജില്ലയിലെ ആകെ റേഷൻ കാർഡുകൾ.......835706
ആകെ ഉപഭോക്താക്കൾ.................3385457
മഞ്ഞ കാർഡുകൾ (എ.എ.വെെ)................38483
ഗുണഭോക്താക്കൾ................124925
പിങ്ക് കാർഡുകൾ (പി.എച്ച്.എച്ച്.)...........324347
ഗുണഭോക്താക്കൾ................................1283501
മുൻഗണനേതര സബ്സിഡി (നീല).........207265
ഗുണഭോക്താക്കൾ...................................909427
മുൻഗണനേതര നോൺ-സബ്സിഡി (വെള്ള)...........264335
ഗുണഭോക്താക്കൾ..................................1066328
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |