SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

പ്രതിഷ്ഠയില്ല; ആരാധന അഗ്നിയെ

parsy-temple
പാഴ്സിയമ്പലം

ചരിത്രശേഷിപ്പായി പാഴ്സിയമ്പലം

കോഴിക്കോട്: കോഴിക്കോട്ടെ പാഴ്സി അമ്പലത്തിൽ വിഗ്രഹ പ്രതിഷ്ഠയില്ല. ആരാധിക്കുന്നത് അഗ്നിയെ. അതിനാൽ ഫയർ ടെമ്പിൾ എന്നും അറിയപ്പെടുന്നു. ഞായറാഴ്ചകളിൽ പ്രാർത്ഥനയ്ക്കെത്തുന്നത് ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന സുബിൻ മാർഷലും സഹോദരൻ ഫർസാനും കുടുംബാംഗങ്ങളും മാത്രം. കോഴിക്കോട്ട് അവശേഷിക്കുന്ന പാഴ്സി കുടുംബം ഇവരുടേത് മാത്രമായതാണ് കാരണം.

കേരളത്തിലെ ഏക പാഴ്സി ക്ഷേത്രമായ ഇവിടെ പാഴ്സികൾക്ക് മാത്രമേ പ്രാർത്ഥിക്കാനാകൂ. എന്നാൽ

പാഴ്സി ചരിത്രമറിയാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരെത്തുന്നു. പാഴ്സി ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമുണ്ട്. നഗരഹൃദയമായ മിഠായിത്തെരുവിൽ ഒന്നര ഏക്കറിൽ കെട്ടിടങ്ങളും പ്രാർത്ഥനാലയവും ശ്മശാനവുമുണ്ട്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഇവിടം പാഴ്സികളുടെ സിനഗോഗ് (ആരാധനാലയം) ആയിരുന്നു. മുന്നൂറോളം പാഴ്സികൾ കോഴിക്കോട്ടുണ്ടായിരുന്നുവെന്നാണ് വിവരം. കുറെപേർ മരിച്ചുപോയി. പലരും വ്യാപാരവും തൊഴിലുമായി മറ്റിടങ്ങളിൽ ചേക്കേറി. ഇപ്പോഴുള്ളത് കോഴിക്കോട് വെള്ളയിൽ റോഡിലെ

സുബിൻ മാർഷലും സഹോദരനും കുടുംബാംഗങ്ങളും.

വ്യാപാരത്തിനായി മൂന്നു നൂറ്റാണ്ട് മുൻപ് ഇറാനിൽ നിന്ന് ആദ്യം ഗുജറാത്തിലും പിന്നീട് കോഴിക്കോട്, മംഗലാപുരം, കൊച്ചി, ആലപ്പുഴ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ഇവരെത്തി. ടെെൽ, സോഡ ഫാക്ടറികളും സോ മില്ലും വർക്ക് ഷോപ്പുമൊക്കെ കോഴിക്കോട്ട് ആദ്യം തുടങ്ങിയത് പാഴ്സികളാണ്. സാമൂതിരി രാജാവിന്റെ പിന്തുണയും ഇവർക്കുണ്ടായി. പാഴ്സി വംശജൻ കൂവർജി ദലാൽ കോഴിക്കോട് നഗരസഭാ ചെയർമാനായിരുന്നു. കോഴിക്കോട്ടെ മേയർഭവൻ മുമ്പ് പാഴ്സിയായ ഡോ. മുഗ സേത്തിന്റേതായിരുന്നു. കോസ്മോ പൊളിറ്റൻ ക്ളബ് സ്ഥാപകനും ഇദ്ദേഹമാണ്.

അഗ്നിയൊരുക്കുന്നത് ചന്ദനത്തടിയിൽ

ചന്ദനത്തടിയുടെ ചെറിയ കഷണങ്ങൾ കൂജ പോലുള്ള പാത്രത്തിലാക്കി കത്തിച്ചാണ് പ്രാർത്ഥനയ്ക്ക് അഗ്നിയൊരുക്കുന്നത്. ചർച്ച് പോലെ തോന്നിക്കുന്നതാണ് പ്രാർത്ഥനാലയത്തിന്റെ ഘടന. വിഗ്രഹാരാധനയില്ലാത്തതിനാൽ ഇസ്ലാമിനോടും അഗ്നിയെ ആരാധിക്കുന്നതിനാൽ ഹിന്ദുമതത്തിനോടും സാമ്യമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റിടങ്ങളിൽ നിന്നെത്തുന്ന പാഴ്സികൾക്ക് നിസ്സാരതുകയ്ക്ക് ഇവിടെ താമസിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL