SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

ഹാർബറുകൾ സജീവം; ആശ്വാസമായി മത്സ്യവില

fish
fish

കോഴിക്കോട്: കാലാവസ്ഥ അനുകൂലമായതോടെ സാധാരണക്കാരനെ വലച്ച മത്സ്യവിലയ്ക്ക് ആശ്വാസമായി വിപണിയിൽ വില കുത്തനെ കുറഞ്ഞു. ട്രോളിംഗ് നിരോധനം തുടരുന്നതിനിടയിലും തീരക്കടലിൽ നിന്ന് വലിയ തോതിൽ മത്സ്യം ലഭിക്കുന്നതാണ് വിലക്കുറവിന് പ്രധാന കാരണം. കേരള തീരത്ത് അനുകൂലമായ കാലാവസ്ഥ തുടരുന്നതിനാൽ പ്രധാന ഹാർബറുകളിലെല്ലാം മത്സ്യബന്ധനം സജീവമാണ്. മത്തി, നത്തോലി, ചെമ്മീൻ, ചൂട എന്നിവയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. സാധാരണ രീതിയിൽ ട്രോളിംഗ് തുടങ്ങുന്നതോടെ മത്സ്യലഭ്യത കുറയുകയും വില ഇരട്ടിയിലധികമായി കൂടുകയുമാണ് പതിവ്. ഇത്തവണയും ട്രോളിംഗ് ആരംഭിച്ചതോടെ വില രണ്ടിരട്ടിയായി കൂടിയിരുന്നു. എന്നാൽ നിലവിൽ മത്സ്യലഭ്യത കൂടിയത് വില കുറയാൻ കാരണമായി.

കിലോയ്ക്ക് 240 മുതൽ 300രൂപ വരെ എത്തിയിരുന്ന നത്തോലിയുടെ വില ഇപ്പോൾ 100 മുതൽ 110 രൂപ വരെയായി താഴ്ന്നിട്ടുണ്ട്. ഈ സമയത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യങ്ങളിലൊന്നാണ് നത്തോലി. ലഭിക്കുന്നതിന്റെ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്തേക്കും കയറ്റി അയക്കുന്നുണ്ട്. മത്സ്യപ്രേമികളുടെ ഇഷ്ടവിഭവമായ മത്തിക്കും വിലക്കുറവുണ്ട്. നേരത്തെ 400 മുതൽ 450 രൂപ വരെ എത്തിയിരുന്ന മത്തിയുടെ കിലോവില ഇപ്പോൾ 240 മുതൽ 280 രൂപ വരെയാണ്. വിപണിയിൽ വലിപ്പമേറിയ മത്തിയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. ചൂടയുടെ വിലയും ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക് 440 മുതൽ 450 രൂപ വരെ എത്തിയിരുന്ന ചൂട ഇപ്പോൾ 180 മുതൽ 200 രൂപ വരെയാണ് വിൽക്കുന്നത്. ചെറിയ ചെമ്മീൻ കിലോയ്ക്ക് 250 മുതൽ 300 രൂപ നിരക്കിലും ലഭ്യമാണ്. അതേസമയം, ആവോലി, അയക്കൂറ തുടങ്ങിയ ഉയർന്ന വിലയുള്ള മത്സ്യങ്ങൾക്ക് ഇപ്പോഴും കിലോയ്ക്ക് 1,200 മുതൽ 1,600 രൂപ വരെ വിലയുണ്ട്. മത്സ്യലഭ്യത അനുസരിച്ച് രാവിലെ ഒരു വിലയും വൈകീട്ട് മറ്റൊരു വിലയുമെന്ന രീതിയിലാണ് വിപണിയിലെ സ്ഥിതി.
രണ്ട് ദിവസമായി കാലാവസ്ഥ അനുകൂലമായതാണ് വില കുറഞ്ഞതെന്നും വരും ദിവസങ്ങളിൽ ലഭ്യതയ്ക്കനുസരിച്ച് വിലയിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികൾ പറയുന്നു.

"കാലാവസ്ഥ പ്രതികൂലമായാൽ ലഭ്യത കുറയാനും വില വീണ്ടും ഉയരാനും സാദ്ധ്യതയുണ്ട്. അതിനാൽ ഇപ്പോഴത്തെ വിലക്കുറവ് എത്ര ദിവസം തുടരുമെന്ന് പറയാനാവില്ല."

-ഫൈസൽ യു.എം
മത്സ്യത്തൊഴിലാളി, വെള്ളയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL