കോഴിക്കോട്: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, എൻ.ടി.എ പിരിച്ചുവിടുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലതവണ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല. അക്രമാസക്തരായ പ്രവർത്തകർ പൊലീസിന് നേരെ കുപ്പികളും വടിയും വലിച്ചെറിഞ്ഞു. ക്രിസ്ത്യൻ കോളജിൽ നിന്നാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി ചുറ്റി പുതിയസ്റ്റാൻഡ് വഴി ഉച്ചയ്ക്ക് 1.40ഓടെയാണ് ആദായ നികുതി ഓഫീസ് പരിസരത്തെത്തിയത്.
നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തകർത്താൻ ശ്രമിച്ചു. പ്രതിഷേധം രൂക്ഷമാകുമെന്ന വിലയിരുത്തലിൽ 11 മണിയോടെ തന്നെ ആദായ നികുതി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡുകൾ സ്ഥാപിച്ചും ജലപീരങ്കി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയും പ്രവർത്തകരെ തടയാൻ പൊലീസ് തയ്യാറായിരുന്നെങ്കിലും പ്രതിഷേധം ആളിക്കത്തി.
പ്ലക്കാർഡുകളുമായി ഓടിയെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തി. നിരവധി പേർ ബാരിക്കേഡിന് മുകളിലേക്ക് കയറി മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അരമണിക്കൂറിലേറെ നീണ്ട ജലപീരങ്കി പ്രയോഗത്തിനിടയിലും പ്രവർത്തകർ പ്രതിഷേധം തുടർന്നു. മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാർ നിലയുറപ്പിച്ചു. ജലപീരങ്കി നിറുത്തിയതോടെ ബാരിക്കേഡ് മറിച്ചിട്ട് മുകളിൽ കയറി മുദ്രാവാക്യങ്ങളും തുടർന്നു. എസ്.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി ആദിൽ എൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് അണിനിരന്നത്.
പ്രതിഷേധ മാർച്ചിൽ സ്തംഭിച്ച് നഗരം
കോഴിക്കോട്: എസ്.എഫ്.ഐ പ്രതിഷേധ മാർച്ചിനെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം താറുമാറായി. മാർച്ച് നടത്തുമെന്ന് മുൻകൂട്ടി അറിയിച്ചതിനെ തുടർന്ന് രാവിലെ 11 മണിയോടെ പൊലീസ് മാനാഞ്ചിറ വഴിയുള്ള റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചു. ഇത് അറിയാതെ നഗരത്തിലേക്കെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്.
മാനാഞ്ചിറയും മാവൂർ റോഡും കേന്ദ്രീകരിച്ച് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ സ്വകാര്യ ബസുകൾക്ക് പതിവ് റൂട്ടിലൂടെ സർവീസ് നടത്താനായില്ല. മാനാഞ്ചിറ വഴി ബീച്ചിലേക്കും മെഡി.കോളേജിലേക്കും പോകേണ്ട ബസുകൾ വെെ.എം.സി.എ ക്രോസ് റോഡ് വഴിയാണ് സർവീസ് നടത്തിയത്. പല ബസുകളും നഗരത്തിൽ പ്രവേശിക്കാതെ മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടതോടെ യാത്രക്കാർ ബുദ്ധിമുട്ടി.
മാനാഞ്ചിറ,നടക്കാവ്, മാവൂർ റോഡ്, പുതിയ ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. പാവങ്ങാട് ഭാഗത്തു നിന്നും നഗരത്തിലേക്ക് പ്രവേശിച്ച വാഹനങ്ങൾ വെസ്റ്റ് ഹിൽ ചുങ്കം- എരഞ്ഞിപ്പാലം- സരോവരം-അരയിടത്തുപാലം വഴിയും സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും നഗരത്തിലേക്ക് വന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം- സരോവരം-അരയിടത്തുപാലം വഴിയുമാണ് സർവീസ് നടത്തിയത്. നഗരത്തിൽ നിന്നും പാവങ്ങാട്-സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോയ വാഹനങ്ങൾ അരയിടത്തുപാലം-എരഞ്ഞിപ്പാലം/തൊണ്ടയാട് - മലാപ്പറമ്പ് വഴിയുമാണ് പോയത്. മൂന്ന് മണിക്ക് ശേഷമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.
വിദ്യാഭ്യാസ ബന്ദ് പൂർണ്ണം
കോഴിക്കോട്: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാർക്ക് നേരെയുണ്ടായ കൈയേറ്റത്തിലും പ്രതിഷേധിച്ച് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണം. സർക്കാർ, എയ്ഡഡ് കോളജുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ക്ലാസുകൾ ബഹിഷ്കരിച്ച പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും ധർണയും സംഘടിപ്പിച്ചു. ഇതേ വിഷയത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫും ഇന്നലെ പഠിപ്പ് മുടക്കി. ഇന്ന് എസ്.എഫ്.ഐയും പഠിപ്പ് മുടക്കും.
ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി
കൽപ്പറ്റ: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ സമരത്തിൽ അണിനിരന്നു. ഉച്ചക്ക് 12.40 ഓടെ എസ്.എഫ്.ഐ പ്രവർത്തകർ പ്രകടനവുമായി പോസ്റ്റ് ഓഫീസിലേക്ക് എത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ആദ്യംശ്രമം നടത്തിയത് വിജയിച്ചില്ല. ബാരിക്കേഡ് മറികടന്ന് പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിലേക്ക് വിദ്യാർത്ഥികൾ ഇരച്ചെത്തി. കോമ്പൗണ്ടിനുള്ളിലും റോഡിലും ഒരേ സമയത്ത് പ്രതിഷേധമുയർന്നു. നേതാക്കൾ ഉൾപ്പെടെ 50 ഓളം പേരാണ് പോസ്റ്റ് ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയത്. പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ വിദ്യാർഥികളെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അപർണ ഗൗരി അധ്യക്ഷയായി.കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ അഫിന ഫ്രാൻസിസ്, മുഹമ്മദ് ഷിബിലി, ഇ.എ സായന്ത് കൃഷ്ണ, വൈസ് പ്രസിഡന്റുമാരായ സി.ആർ വിഷ്ണു, എ.അബിൻ ബാബു, സച്ചു ഷാജി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |