SignIn
Kerala Kaumudi Online
Thursday, 30 July 2026 4.36 AM IST

കോഴിക്കോട് മെഡി. കോളേജിൽ ഉപകരണ തകരാർ തുടരുന്നു പ്രതിസന്ധിയിലായത് ഹൃദയശസ്ത്രക്രിയ

medical
ഗവ. മെഡി. കോളജ്

കോഴിക്കോട്: ഗവ. മെഡി. കോളജ് ആശുപത്രിയിൽ അത്യാധുനിക പരിശോധനാ-ചികിത്സാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാകുന്നത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ അഞ്ച് മാസമായി മാമോഗ്രാഫി യൂണിറ്റ് പ്രവർത്തിക്കാത്തതും ഹൃദയശസ്ത്രക്രിയയ്ക്ക് അനിവാര്യമായ രണ്ട് ഹാർട്ട്-ലങ് മെഷീനുകളിൽ ഒന്ന് തകരാറിലായതും ചികിത്സയും പരിശോധനയും വൈകാൻ കാരണമായി. ഇതോടെ ആയിരക്കണക്കിന് രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ മാസങ്ങളോളം കാത്തിരിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്.

ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഹാർട്ട്-ലങ് മെഷീനുകളിൽ ഒന്ന് പ്രവർത്തനരഹിതമായതോടെ ശസ്ത്രക്രിയകളുടെ എണ്ണം ദിവസേന അഞ്ചിൽ നിന്ന് രണ്ടായി കുറഞ്ഞു. 980 രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളത്. പുതിയ രോഗികൾക്ക് ശസ്ത്രക്രിയാ തീയതി നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ചില രോഗികളെ തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് റഫർ ചെയ്യുകയാണ്. അഞ്ചുലക്ഷം രൂപവരെ മുടക്കി സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനാകാത്തതിനാലാണ് പലരും ജീവൻ പണയംവച്ചും തങ്ങളുടെ ഊഴത്തിനായി മാസങ്ങളോളം കാത്തിരിക്കുന്നത്.

തകരാറിലായ ഹാർട്ട്-ലങ് മെഷീന് 14 വർഷത്തെ പഴക്കമുണ്ട്. 15 വർഷമാണ് യന്ത്രത്തിന്റെ നിശ്ചിത പ്രവർത്തനകാലാവധി. തുടർച്ചയായ ഉപയോഗം കാരണം മാർച്ച് 31-ന് വീണ്ടും തകരാറിലായതായാണ് വിവരം. പലതവണ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞിട്ടില്ല. കമ്പനിയെ വീണ്ടും വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. വാൽവ് മാറ്റിവയ്ക്കൽ, ബൈപാസ് സർജറി, ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ ശസ്ത്രക്രിയകൾ തുടങ്ങി നിരവധി സുപ്രധാന ചികിത്സകൾക്കാണ് ഈ മെഷീൻ ഉപയോഗിക്കുന്നത്. പി.എം.എസ്.എസ്.വൈ പദ്ധതിയിൽ മെഡിക്കൽ കോളജിന് ഒരു പുതിയ ഹാർട്ട്-ലങ് മെഷീൻ അനുവദിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നെങ്കിലും ഇതുവരെയും ലഭ്യമായിട്ടില്ല.

മാമോഗ്രാഫി നിലച്ചിട്ട് മാസം അഞ്ച്

റേഡിയോ ഡയഗ്നോസ്റ്റിക് വിഭാഗത്തിൽ പ്രവർത്തിക്കുന്ന മാമോഗ്രാഫി യൂണിറ്റ് കഴിഞ്ഞ അഞ്ച് മാസമായി പ്രവർത്തിക്കുന്നില്ലെന്ന് രോഗികളും ജീവനക്കാരും പറയുന്നു. 2010-ൽ അന്നത്തെ കേന്ദ്രമന്ത്രി എ.കെ. ആന്റണി എം.പി. ഉദ്ഘാടനം ചെയ്ത യൂണിറ്റാണിത്. സ്തനാർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ ഏറ്റവും പ്രധാനപ്പെട്ട പരിശോധനകളിലൊന്നാണ് മാമോഗ്രാഫി. സർക്കാർ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ലഭിക്കേണ്ട പരിശോധനയ്ക്ക് പുറത്തുപോയാൽ ഏകദേശം 30,000 രൂപ വരെ ചെലവാകുന്നുവെന്ന് രോഗികൾ പറയുന്നു.അതേസമയം, യൂണിറ്റ് പൂർണമായും പ്രവർത്തനരഹിതമല്ലെന്നും രാവിലെ ഒരു മണിക്കൂർ പ്രവർത്തിച്ച ശേഷം പൂട്ടുന്നതാണെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മുഴുവൻ സമയവും യൂണിറ്റ് അടഞ്ഞുകിടക്കുകയാണെന്നാണ് ജീവനക്കാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL