SignIn
Kerala Kaumudi Online
Thursday, 30 July 2026 4.04 AM IST

'പാടികൾക്ക് പറയാനുണ്ട്: തലമുറകൾ കൈമാറിയ കഥകൾ'

മേപ്പാടി: ബ്രിട്ടീഷുകാർ വിട്ടുപോയ തേയിലത്തോട്ടങ്ങളായിരുന്നു തോട്ടം തൊഴിലാളികളുടെ ജീവിതം.
ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെ സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ ജോലിയും അഞ്ചു മുറിപ്പാടിയിലെ താമസവുമായിരുന്നു അവരുടെലോകം. കൂലി കുറവായിരുന്നെങ്കിലും സംതൃപ്തിയുണ്ടായിരുന്നു. ചൂരൽമലയുടെയും മുണ്ടക്കൈയുടെയും എസ്റ്റേറ്റ് പാടികൾക്ക് തലമുറകളുടെ ചരിത്രമുണ്ട്. 50 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ ഇന്നും ഇവിടെയുണ്ട്. ആഴ്ചയിൽ ഒരിക്കൽ മേപ്പാടിയിലേക്ക്‌ പോയാണ് അരിയും സാധനങ്ങളും വാങ്ങിയിരുന്നത്. ശനിയാഴ്ച കിട്ടുന്ന ചിലവ് കാശായിരുന്നു അതിനുള്ള ആശ്രയം. പിന്നീട് ചൂരൽമല അങ്ങാടി വളർന്നതോടെ ആവശ്യങ്ങൾ അവിടേക്ക് മാറി. അഞ്ചു മുറി, പാടിയിൽ ഒരു കുടിവെള്ള ടാപ്പ് മാത്രം. ജോലി കഴിഞ്ഞ് വരുന്ന സ്ത്രീകളുടെ വെപ്രാളം വെള്ളത്തിനായിരുന്നു. ആ പൈപ്പിൻ ചുവട്ടിലിരുന്നാണ് പറഞ്ഞു തീരാത്ത കഥകൾ പറഞ്ഞു തീർത്തത്. ചെറിയ വഴക്കുതർക്കമൊക്കെ ഉണ്ടായാലും അഞ്ചു മുറിയിലെ ആളുകൾ ഒരു കുടുംബംപോലെയായിരുന്നു. ഭക്ഷണം വരെ പങ്കിട്ടെടുക്കും. പിന്നീട് ജീവിതം മാറി. കൂടുതൽ വരുമാനത്തിനായി പുറത്തേക്ക്‌ പോയി. മക്കളെ പ്രവാസത്തിനയച്ചു. മാറ്റമില്ലാതെ നിന്ന കുറച്ചു കുടുംബങ്ങൾ മാത്രം അവിടെ ബാക്കിയായി. ദുരന്തത്തോടെ അവർ പടിയിറങ്ങിയ ആ പാടികളാണ് ഇന്ന് വിജനമായിരിക്കുന്നത്.
ആളില്ലാത്തതിനാൽ കെട്ടിടങ്ങൾ തകരാൻ തുടങ്ങി. ഇപ്പോൾ അവിടുത്തെ പുതിയ താമസക്കാർ പാമ്പും കുരുവിയുമൊക്കെയാണ്. ഇനി ആ പഴയ തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL