SignIn
Kerala Kaumudi Online
Thursday, 30 July 2026 2.39 AM IST

'വിമുക്തിയിൽ' അഭയം തേടുന്നവരിൽ വർദ്ധന

ആലപ്പുഴ : ലഹരിക്കെതിരെ തൂഫാൻ, തണ്ടർ ഓപ്പറേഷനുകളും എൻഫോഴ്സ്‌മെന്റ് നടപടികളും ശക്തമായതോടെ വിമുക്തി ഡി.അഡിക്ഷൻ കേന്ദ്രങ്ങളിൽ മടങ്ങിവരവും നേർവഴിയും തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന. ലഹരി കിട്ടാത്ത പരിഭ്രാന്തിയിൽ മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിച്ചതിന്,​ എക്സൈസ് മന്ത്രി ഇടപെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കായംകുളം സ്വദേശിയുൾപ്പെടെ നൂറോളം പേരാണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ

സംസ്ഥാനത്തെ 14 വിമുക്തി ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സതേടിയത്.

അരഡസനോളം പേരെ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കിയതൊഴിച്ചാൽ മറ്റുള്ളവരെ കൗൺസലിംഗിനും ക്ളിനിക്കൽ കൺസൾട്ടേഷനും നൽകി വീടുകളിലേക്ക് മടക്കി.

വിമുക്തി മിഷന്റെ കീഴിൽ സംസ്ഥാനത്ത് 14 ഡി.അഡിക്ഷൻ സെന്ററുകളാണുള്ളത്.നേരിട്ടും ടെലിഫോൺ മുഖേനെയും സേവനം നൽകാൻ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കൗൺസലിംഗ് സെന്ററുകളുമുണ്ട്. എക്സൈസ് വകുപ്പിന്റെ ലഹരി മോചന പരിപാടിയിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കോട്ടയത്താണ്. 1642 പേരാണ് പാലാ ജനറൽ ആശുപ്രതിയിൽ ചികിത്സയ്ക്ക് വിധേയരായത്.

ലഹരി കിട്ടാതെ പരാക്രമം

 കൊവിഡ് ലോക്ക് ഡൗണിൽ മദ്യം കിട്ടാതായപ്പോഴുണ്ടായതിന് സമാനമാണ് സിന്തറ്റിക് ലഹരിക്ക് അടിമപ്പെട്ടവരുടെ ഇപ്പോഴത്തെ പരാക്രമം

 15 മുതൽ 35വയസുവരെയുള്ളവരാണ് ചികിത്സ തേടിയെത്തുന്നവരിൽ അധികവും. ഇവരിൽ കോളേജ് വിദ്യാർത്ഥിനികളുമുണ്ട്

 വിമുക്തി പദ്ധതി ആരംഭിച്ചശേഷം ഇതുവരെ ലക്ഷത്തിലധികം പേരാണ് ലഹരിയിനിന്ന് രക്ഷതേടി വിമുക്തി ഡി-അഡിക്ഷൻ കേന്ദ്രങ്ങളിൽ അഭയംതേടിയത്

 കിടത്തിച്ചികിത്സയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ 1,823 പേർ സാധാരണജീവിതത്തിലേക്ക് മടങ്ങി. 23,124 പേരാണ് ഡോക്ടറെക്കണ്ട് ചികിത്സതേടിയത്

വിമുക്തി നേടിയാൽ കേസ് ഒഴിവാക്കാം

ലഹരി കേസുകളിൽ ആദ്യമായി പ്രതിയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക്, ലഹരിയിൽ നിന്ന് മോചിതരായെന്ന വിമുക്‌തി കോ-ഓർഡിനേറ്ററുടെ സർട്ടിഫിക്കറ്റ് എക്സൈസ് വഴി കോടതിയിൽ ഹാജരാക്കിയിൽ കേസ് ഒഴിവാക്കാം. മാസങ്ങൾ നീണ്ട വിലയിരുത്തലിന് ശേഷം വീട്ടുകാർക്കും എക്സൈസിനും ബോദ്ധ്യമായാൽ മാത്രമേ ഒഴിവാക്കാനുള്ള നടപടി ആരംഭിക്കൂ

ലഹരിയിൽനിന്ന് വിടുതൽ നേടാൻ

കൗൺസിലിംഗ് :14405.

വാട്സ് ആപ്പ്: 9061178000 (ടോൾഫ്രീ)

ലഹരിവേട്ട ശക്തമാക്കിയതിന് പിന്നാലെ ഡി.അഡിക്ഷൻ സെന്ററുകളിലെത്തുന്നവരുടെ എണ്ണത്തിൽ 20-30 ശതമാനം വരെ വർദ്ധനയുണ്ടായിട്ടുണ്ട്. ആവശ്യമുള്ളവർക്ക് കിടത്തി ചികിത്സയും മറ്റുള്ളവർക്ക് കൗൺസലിംഗുമാണ് നൽകുന്നത്

- വിമുക്തി മിഷൻ, എക്സൈസ് കമ്മിഷണറേറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL