മേപ്പാടി: രാത്രിയിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതാണ്. നല്ല മഴയുണ്ട്. പേടിയുണ്ടെങ്കിലും അവർ കണ്ണടച്ചു കിടന്നു. അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. പലരുടെയും അവസാന ഉറക്കമായിരുന്നു അത്. കൂടെ ഉറങ്ങിയവർ വരെ കാണാമറയത്തേക്ക്പോയി. ദൈവദൂതരുടെ കരങ്ങൾ പോലെ രക്ഷാപ്രവർത്തകർ പലരെയും മരണമുഖത്തുനിന്നും രക്ഷിച്ചെടുത്തു. സ്വന്തമായി ഉണ്ടായിരുന്ന വീട് തകർന്നു. പ്രിയപ്പെട്ടവർ പലരും നഷ്ടപ്പെട്ടു. ഇതെങ്ങനെ സഹിക്കുമെന്ന് അറിയാതെ നെഞ്ചുപൊട്ടുമ്പോഴാണ് പലരും ആശ്വാസമായി എത്തിയത്. കൂടെയുണ്ടാകും എന്ന ഉറപ്പ് അവർക്ക് കരുത്ത് പകർന്നു. പൂർണമായും അതിജീവിച്ചു എന്ന് പറയാനാവില്ലെങ്കിലും അവർ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. 298പേരാണ് മുണ്ടക്കൈ ചൂരൽമല ഗ്രാമങ്ങളെ തുടച്ചുനീക്കിയ ദുരന്തത്തിൽ മരണപ്പെട്ടത്. അറുനൂറോളം വീടുകൾ തകർന്നു. 500ലേറെ വീടുകൾ ഉപയോഗശൂന്യമായി. ആയിരത്തിലേറെ കുടുംബങ്ങളെയാണ് ദുരന്തം നേരിട്ടു ബാധിച്ചത്.
ദുരന്തമേഖലയിലെ സ്കൂളുകൾ
എവിടെ ഉയരും?
മേപ്പാടി: ഉരുൾദുരന്തത്തെ തുടർന്ന് തകർന്ന മുണ്ടക്കൈ ഗവ. എൽ.പി. സ്കൂൾ, വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്ക് എവിടെ സ്ഥിരം കെട്ടിടം ഉയരുമെന്ന ചോദ്യം അവശേഷിക്കുന്നു. ദുരന്തം നടന്നിട്ട് രണ്ടുവർഷം തികയുമ്പോഴും സ്കൂളുകൾക്ക് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ മിനി കമ്മ്യൂണിറ്റി ഹാളിലാണ് നിലവിൽ മുണ്ടക്കൈ ഗവ. എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നത്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാഗമായ കെട്ടിടങ്ങളിലാണ് വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ അനുയോജ്യമായ സ്ഥലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കും എന്നായിരുന്നു സർക്കാർ പ്രഖ്യാപനം. രണ്ടുവർഷം തികയുമ്പോഴും എവിടെ കെട്ടിടം നിർമ്മിക്കണമെന്ന് പോലും തീരുമാനിച്ചിട്ടില്ല. ചൂരൽമലയിൽ തന്നെ സ്കൂൾ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം പ്രദേശവാസികൾ മുന്നോട്ടുവച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ഇതിനായി ചൂരൽമലയിൽ ഭൂമി കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ സർക്കാരിന് ചൂരൽമലയിൽ സ്കൂൾ നിർമ്മിക്കുന്നതിനോട് താത്പ്പര്യമില്ല. സുരക്ഷിതമായ മേഖലയിൽ സ്കൂൾ നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ടൗൺഷിപ്പിലിപ്പോൾ തുടരുന്നു, പുതുജീവിതം
കൽപ്പറ്റ: ഉരുൾ ദുരന്തം വരുത്തിവച്ച ശൂന്യതയിൽ നിന്നും പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് ദുരന്തബാധിതർ. കൽപ്പറ്റ നഗരത്തിനടുത്ത് അത്യാധുനിക നിലവാരത്തോടെ സർക്കാർ സംവിധാനിച്ച ടൗൺഷിപ്പിൽ 178 കുടുംബങ്ങളാണ് താമസം തുടങ്ങിയിരിക്കുന്നത്. 1500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മനോഹരമായ വീടുകൾ. കൽപ്പറ്റ നഗരത്തിൽ നിന്നും വിളിപ്പാട് അകലെയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയിൽ ടൗൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. മുൻ സർക്കാരിന്റെ ദീർഘവീക്ഷണമാണ് മനോഹരമായ പുനരധിവാസം ഭാഗികമായെങ്കിലും സാദ്ധ്യമാക്കിയത്.
പേരിനൊരു പുനരധിവാസമല്ല, ഏറ്റവും അന്തസ്സോടെയുള്ള ജീവിതമാണ് സർക്കാർ സാദ്ധ്യമാക്കിയത്. ലോകത്തിനുതന്നെ കേരളം മുന്നോട്ടുവച്ച മാതൃകയാണ് വയനാട് ടൗൺഷിപ്പ്. പലതരത്തിലുള്ള സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന കുടുംബങ്ങൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദുരന്തം നടന്ന ഉടൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോടികൾ ഒഴുകിയെത്തി. ഒരുകോടിയോളം രൂപ വിലമതിക്കുന്ന വീടുകൾ ഓരോ കുടുംബത്തിനും നിർമ്മിച്ച് കൈമാറി. കൽപ്പറ്റ ബൈപ്പാസിന് സമീപം പത്തുലക്ഷത്തിനു മുകളിലാണ് ശരാശരി ഭൂമിയുടെ കമ്പോള വില.
അർഹരായവരിപ്പോഴും വീടിന് പുറത്ത്
എൻ.എ.സതീശ്
മേപ്പാടി: ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവരുടെ വിലാപമാണ് ഇപ്പോഴും ദുരന്തഭൂമിയിൽ നിന്ന് ഉയരുന്നത്. ഉരുൾദുരന്തത്തിന്റെ വാർഷികത്തിന്റെ തലേന്നായ ഇന്നലെ ദുരന്തത്തിൽപ്പെട്ട് പലഭാഗങ്ങളിലായി താമസിച്ചുവരുന്ന ആളുകളിൽ പലരും ചൂരൽമല-മുണ്ടക്കൈ ഭാഗത്ത് എത്തിയിരുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കൊപ്പം ജീവിതത്തിലെ ഒറ്റപ്പെടലിനെയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അവഗണനയുമാണ് പലർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്. എല്ലാം നഷ്ടപ്പെട്ട ഇവർക്ക് ഇപ്പോഴും തലചായ്ക്കാൻ സ്വന്തമായ ഒരു ഇടം ലഭിച്ചിട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്. ഫെയ്സ് വണ്ണിൽ ഉൾപ്പെടേണ്ട പലർക്കും വീട് അനുവദിക്കപ്പെട്ടില്ലെന്നാണ് പ്രധാന പരാതി. മുണ്ടക്കൈ,ചൂരൽമല , പടവെട്ടിക്കുന്ന് ,അട്ടമല തുടങ്ങിയ സ്ഥലങ്ങളിലെ അറുപതോളം പേർ അർഹരായിട്ടും വീട് ലഭിച്ചില്ലെന്നാണ് പരാതി. മുഖ്യമന്ത്രി, റവന്യുമന്ത്രി, സ്ഥലം എം.എൽ.എ, ജില്ലാ കളക്ടർ ,തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് പരാതി അയച്ച് കാത്തിരിക്കുകയാണ്.
സർവസ്വവും നഷ്ടപ്പെട്ടുപോയ തങ്ങൾക്ക് എന്തിന്റെ പേരിലാണ് വീട് നിഷേധിക്കപ്പെട്ടതെന്ന് ചൂരൽമലയിൽ ദുരന്തത്തിനിരയായ നൗറിൻ മൻസിലിൽ അബ്ദുൾസലാം ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |