കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കയാക്കിംഗ് മത്സരത്തിന്റെ സുരക്ഷയ്ക്ക് അഗ്നിശമന സേനയുടെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സ്‌കൂബ ടീം അംഗങ്ങൾക്കായി ചാലിപ്പുഴയിൽ മൂന്ന് ദിവസത്തെ സ്വിഫ്റ്റ് വാട്ടർ റെസ്‌ക്യൂ പരിശീലനം സംഘടിപ്പിച്ചു.
ജപ്പാനിലെ പ്രശസ്ത സ്വിഫ്റ്റ് വാട്ടർ റെസ്‌ക്യൂ പരിശീലകൻ ബിഷ്ണു ഗുരുവാണ് പരിശീലകനായി വീണ്ടുമെത്തിയത്.
വയനാട്ടിലെ കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിലിറങ്ങി നടത്തിയ രക്ഷാപ്രവർത്തനമുൾപ്പെടെ ഫയർഫോഴ്‌സിന് തുണയായത് ബിഷ്ണു ഗുരുവിൽ നിന്ന് ലഭിച്ച സ്വിഫ്റ്റ് വാട്ടർ റെസ്‌ക്യൂ പരിശീലനമാണ്. കുത്തൊഴുക്കുള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമായ പുഴകളിൽ അപകടത്തിൽപ്പെട്ടവരെ സുരക്ഷിതമായി രക്ഷപ്പെടുത്താനാവശ്യമായ ആധുനിക രക്ഷാപ്രവർത്തന സാങ്കേതികവിദ്യകളിലാണ് പരിശീലനം.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി പുലിക്കയത്ത് നടക്കുന്ന കയാക്കിംഗ് മത്സരത്തിന്റെ സുരക്ഷാ ചുമതല അഗ്നിശമന സേനയിലെ 20 അംഗ സംഘത്തിനാണ്. ശക്തമായ ഒഴുക്കും പാറക്കെട്ടുകളും നിറഞ്ഞ പുഴകളിൽ നടക്കുന്ന സാഹസിക കായിക ഇനമായതിനാൽ, അപകടസാദ്ധ്യത മുന്നിൽ കണ്ടാണിത്. ശക്തമായ ഒഴുക്ക്, ആഴം, പാറക്കെട്ടുകൾ, പുഴയിലെ അപ്രതീക്ഷിതമായ മാറ്റങ്ങൾ എന്നിവ രക്ഷാപ്രവർത്തനത്തെ സങ്കീർണമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിതമായി രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്.
ഭാവിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായേക്കാവുന്ന ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, പുഴയിലെ അപകടങ്ങൾ, മണ്ണിടിച്ചിൽ തുടങ്ങിയവയിൽ കൂടുതൽ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താൻ പരിശീലനം സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |