കോഴിക്കോട്: ഓണം മുറ്റത്തെത്തിയിട്ടും ജില്ലയിൽ ഓണക്കിറ്റും സ്‌പെഷ്യൽ അരിയും റേഷൻകടകളിലെത്തിയില്ല. മഞ്ഞ കാർഡ് ഉടമകൾക്കുള്ള സ്പെഷ്യൽ ഓണക്കിറ്റും മറ്റുള്ള കാർഡുകാർക്കുള്ള സ്പെഷ്യൽ അരിയും ഈ മാസം 10ന് വിതരണം ചെയ്യുമെന്നായിരുന്നു പൊതുഭക്ഷ്യവിതരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അരിയും കിറ്റും എത്തിയിട്ടില്ല. ഓണക്കിറ്റും സെപ്ഷ്യൽ അരിയും അന്വേഷിച്ചെത്തുന്നവർക്ക് മുമ്പിൽ റേഷന്‍ കടക്കാർക്ക് കൈമലർത്തേണ്ട സ്ഥിതിയാണ്. മഞ്ഞ കാർഡിന് മാത്രമാണ് അരിയും മറ്റു ധാന്യങ്ങളും ഉൾപ്പെടുന്ന ഓണക്കിറ്റ്. സിവിൽ സപ്ലൈസിന്റെ മാവേലി സ്റ്റോറുകളിൽ തയാറാക്കുന്ന കിറ്റ് റേഷൻകടകളിൽ എത്തിച്ചാണ് വിതരണം. ജില്ലയിലെ മഞ്ഞ കാർഡുകാരായ 38,595 കുടുംബങ്ങൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. എന്നാൽ കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ ലഭ്യമാകാത്തതും പാക്കിംഗ് പൂർത്തിയാകാത്തതുമാണ് വിതരണം വെെകാൻ കാരണം. ശബരി പായസം മിക്‌സ്, ഓണക്കിറ്റ് നൽകാനുള്ള തുണിസഞ്ചി തുടങ്ങിയവയാണ് ഇനിയും ലഭ്യമാകാനുള്ളത്.
കിറ്റിൽ ഇവ
പഞ്ചസാര, വെളിച്ചെണ്ണ, വിവിധയിനം പരിപ്പുകൾ, കടല, വൻപയർ, നെയ്, മസാലപ്പൊടികൾ, ഉപ്പ്, ശബരി പായസക്കൂട്ട്, പായസം മിക്സ്, ചായപ്പൊടി എന്നിവയുൾപ്പെടെ 16 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുക.
പ്രത്യേക അരിക്കും കാത്തിരിപ്പ്
നീല, വെള്ള കാർഡുകൾക്ക് 10 കിലോ വീതവും പിങ്ക് കാർഡിന് മൂന്നുകിലോ വീതവുമാണ് സ്പെഷ്യൽ അരി അനുവദിച്ചിരിക്കുന്നത്. ഈ അരിയും ഇതുവരെ റേഷൻകടകളിൽ എത്തിയിട്ടില്ല. ഉദ്യോഗസ്ഥരിൽനിന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നാണ് റേഷൻ വ്യാപാരികളും പറയുന്നത്. ഇതിന്റെ പേരിൽ പല റേഷൻകടകളിലും കാർഡുടമകളുമായി വാക്കുതർക്കവും കൈയാങ്കളിയും വരെ ഉണ്ടാകുന്നതായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഓണം അടുത്തിരിക്കെ കിറ്റും പ്രത്യേക അരിയും വൈകുന്നത് ഉപഭോക്താക്കളിലും വ്യാപാരികളിലും ഒരുപോലെ ആശങ്കയുണ്ടാക്കുകയാണ്. വിതരണം ഇനിയും നീണ്ടാൽ ഓണത്തിന് മുമ്പ് മുഴുവൻ ഗുണഭോക്താക്കൾക്കും കിറ്റ് ലഭ്യമാക്കുന്നതും ബുദ്ധിമുട്ടിലാകും.
''പ്രത്യേക അരിയും കിറ്റും അടിയന്തരമായി റേഷൻകടകളിലെത്തിക്കണം. മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഉടനെ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്''
ടി. മുഹമ്മദാലി- ജനറൽ സെക്രട്ടറി ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |