കോഴിക്കോട്: ഓണമെത്തും മുമ്പേ ഉഷാറായി ഉപ്പേരി വിപണി. സദ്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത കായ ഉപ്പേരിക്ക്
മുൻ വർഷത്തെ അപേക്ഷിച്ച് 10-15 ശതമാനം വരെ വില കൂടിയിട്ടുണ്ട്. ഗുണനിലവാരമുള്ള നേന്ത്രക്കായ വറുത്തുപ്പേരിക്ക് നിലവിൽ കിലോയ്ക്ക് 400 രൂപ മുതൽ 460 രൂപ വരെയും ശർക്കരവരട്ടിക്ക് 420 മുതൽ 480 രൂപ വരെയുമാണ് നിരക്ക്. നേന്ത്രക്കായയുടെ വില ഒറ്റമാസം കൊണ്ട് ഇരട്ടിയായതോടെയാണ് വറുത്തുപ്പേരിയുടെ വിലയും കുതിച്ചുയർന്നത്. വിപണിയിൽ നേന്ത്രക്കായക്ക് കിലോയ്ക്ക് 70 മുതൽ 75 രൂപ വരെയാണ് വില. എന്നാൽ, ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും പ്രാദേശികമായ ഉത്പ്പാദനക്ഷയവും കായ വില ഉയരാൻ കാരണമായി. വെളിച്ചെണ്ണയുടെ വിലയിലുണ്ടായ വർദ്ധനവും തൊഴിലാളികളുടെ കൂലിയിലുണ്ടായ ഉയർന്ന നിരക്കും വില കൂടാൻ കാരണമായി. ഓണത്തിനോടനുബന്ധിച്ച് വിപണിയിൽ ഇറക്കിയ പ്രത്യേക ഓണം ഹാമ്പറുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഓണസദ്യയ്ക്കും വീടുകളിലെ ആവശ്യത്തിനുമുള്ള ചിപ്സിന് അടുത്ത ആഴ്ചയോടെ ആവശ്യക്കാർ വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണം അടുക്കുന്നതോടെ വിൽപ്പന ഇനിയും ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |