സുൽത്താൻ ബത്തേരി: ആരോഗ്യക്കൂട്ടായി പത്തിനം അരിക്കൂട്ടൊരുക്കി തയ്യിൽ പ്രസീദ്. രക്തശാലി, നവര, ബ്ലോക്ക് റൈസ് കൃഷ്ണ കൗമോദ് തുടങ്ങിയ പത്തിനം അരികളുടെ പ്രത്യേക കൂട്ട് ഭക്ഷണമാക്കി കഴിച്ചാൽ ആരോഗ്യം നിലനിർത്താൻ കഴിയുമെന്ന് തെളിയിക്കുകയാണ് പ്രസീദ്. പ്രമേഹ രോഗമുളളവർക്കും കഴിക്കാനാവുന്ന അരി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ ഹരിത വ്യക്തി അവാർഡ് മുതൽ രാഷ്ട്രപതിയിൽനിന്നുള്ള ദേശീയ സസ്യ ജനിതക സംരക്ഷണ അവാർഡ് വരെ നേടിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കൃഷിയിൽ സജ്ജീവണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത നെൽവിത്തുകളുടെ അഞ്ഞൂറോളം ഇനങ്ങളുടെ ശേഖരമാണ് ഇദേഹത്തിന്റെ പക്കലുള്ളത്. ആയിരം നെൽവിത്തുകളുടെ ശേഖരണത്തിനായി പ്രസീദ് ഇപ്പോഴും യാത്ര തുടരുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി റിസേർച്ച് ആന്റ് ഇന്നവേഷൻ കൗൺസിലിന്റെ സഹകരണത്തോടെ അപൂർവ നെൽവിത്തുകളുടെ ഒരു മ്യൂസിയം തന്നെ ബത്തേരിയിലെ തയ്യിൽ വീടിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുമതി, റെഡ് റൈസ്, സക്കാവോ പെരിയറ്റ്, കാരാസ്റ്റിക് റൈസ്, കല്യാണി ചെന്തട്ടി, വയനാടിന്റെ പാരമ്പര്യ നെൽവിത്തായ കനലി തുടങ്ങിയ നെൽവിത്തുകളുടെ അപൂർവ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. വിവിധ വർണ്ണങ്ങളിലുള്ള നെല്ലുകൾ നട്ട് കലാരൂപങ്ങൾ സൃഷ്ടിക്കാറുണ്ട്. കറുപ്പ്, വയലറ്റ്, ക്രീം പച്ച തുടങ്ങി നെൽവിത്തുകളിലൂടെയാണ് ചിത്രത്തിന് കളറേകുന്നത്. നെൽവിത്ത് ശേഖരണത്തിന് പുറമെ അപൂർവയിനത്തിൽപ്പെട്ട പശുക്കളുടെ ശേഖരണവും നടത്തുന്നു. കൃഷി ചെയ്യുന്ന നെല്ല് വിത്താക്കിയും പോഷക അരിയാക്കിയും ആവശ്യക്കാർക്ക് നൽകുന്നു. മുന്നൂറ് രൂപമുതൽ ആയിരം രുപവരെയാണ് പോഷക സമൃദ്ധമായ അരിയുടെ വില. ആറ്മുതൽ പത്ത് വരെയാണ് അരികൂട്ട്. വിത്തിന് 60 രൂപ മുതൽ 1000 രൂപ വരെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |