കോഴിക്കോട്: തിരുവോണത്തിന് ദിവസങ്ങൾ ശേഷിക്കെ സജീവമായി വിപണികൾ . നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലും ഓഫറുകളിലുമായി ലഭ്യമാക്കാൻ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ നാടെങ്ങും ഓണ ച്ചന്തകൾ നിറഞ്ഞു. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്കൊപ്പം വസ്ത്രങ്ങളും കൈത്തറി ഉത്പന്നങ്ങളും വീട്ടുപകരണങ്ങളുമടക്കം വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ നിറഞ്ഞതാണ് ചന്തകൾ. പ്രാദേശിക ഉത്പന്നങ്ങൾക്കും വീട്ടിൽ തയ്യാറാക്കിയ ഭക്ഷ്യവസ്തുക്കൾക്കും കുടുംബശ്രീ ചന്തകളിൽ ആവശ്യക്കാരേറെയാണ്.
ഖാദി-കൈത്തറി മേളകളും
മിഠായിത്തെരുവിലെ ഖാദി എംപോറിയത്തിൽ ആരംഭിച്ച ഓണം ഖാദി മേളയിൽ 30 ശതമാനം സർക്കാർ റിബേറ്റാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിൽ ഓണം കൈത്തറി മേളയും ആരംഭിച്ചു. സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ്, ഹാൻഡിക്രാഫ്റ്റ് സംഘങ്ങൾ എന്നിവയുടെ സ്റ്റാളുകളാണ് മേളയിലുള്ളത്. ഓണത്തിന് മുന്നോടിയായി വസ്ത്രവിപണിയും സജീവമായതോടെ മേളകളിൽ തിരക്കേറുകയാണ്. ചെറൂട്ടി റോഡ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഖാദി തുണിത്തരങ്ങളുടെ വലിയ ശേഖരം എത്തിയിട്ടുണ്ട്.
വിലക്കുറവ് 30 മുതൽ 50 ശതമാനം വരെ
അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണച്ചന്തകൾക്കും തുടക്കമായി. പൊതുവിപണിയെ അപേക്ഷിച്ച് 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന 13 ഇനങ്ങൾക്ക് പുറമെ 250ലേറെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ചന്തകളിലുണ്ട്. വെളിച്ചെണ്ണയ്ക്കും പ്രത്യേക വിലക്കുറവുണ്ട്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് വഴിയുള്ള സഹകരണ ഓണച്ചന്ത യും മുതലക്കുളത്ത് ആരംഭിച്ചു. കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണ സംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ പ്രവർത്തിക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനംവരെ വിലക്കുറവുമുണ്ട്. 13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. ഈമാസം 25 വരെയാണ് ചന്തകൾ പ്രവർത്തിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |