SignIn
Kerala Kaumudi Online
Sunday, 12 July 2026 10.51 AM IST

മലയോരത്തിന് വേണം ഫയർസ്റ്റേഷൻ

മലപ്പുറം: ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയുടെ മലയോര മേഖലയിൽ അഗ്നിരക്ഷാസേനയ്ക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങൾ ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനം ഫയലിലൊതുങ്ങി. പ്രളയകാലത്ത് ഏറ്റവും കൂടുതൽ ദുരിതം നേരിട്ട പോത്തുകല്ല്, എടക്കര, കാളികാവ് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നിലവിൽ ഫയർസ്റ്റേഷനുകളില്ല. ചാലിയാറും അതിന്റെ ഏഴോളം കൈവഴികളും കുതിച്ചൊഴുകുന്ന ഈ മേഖലകൾ പ്രളയസമയത്ത് ഒറ്റപ്പെട്ട് തുരുത്തുകളായി മാറാറാണ് പതിവ്. 2018,​ 2019,​ 2021 കാലയളവുകളിൽ പ്രളയം മലയോര മേഖലയെ ഒന്നാകെ ബാധിച്ചിരുന്നു. 2019 ആഗസ്റ്റ് 8ന് കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 59 ജീവനുകളാണ് മണ്ണിനടിയിലായത്. പ്രളയത്തെ തുടർന്ന് മേഖല തുരുത്തായി മാറിയതോടെ 20 കിലോമീറ്റർ അകലെയുള്ള നിലമ്പൂരിൽ നിന്ന് അഗ്നിരക്ഷാസേനയ്ക്ക് സമയബന്ധിതമായി പ്രദേശത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. എടക്കര കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ ആരംഭിച്ചാൽ ഈ പ്രതിസന്ധി മറികടക്കാനാവുമെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും സർക്കാർ തലത്തിൽ തുടർനടപടി ഉണ്ടായില്ല.

വേണം വേഗത്തിൽ നടപടി

കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ ചാലിയാർ കുത്തിയൊഴുകിയിരുന്നു. 2018ലെ പ്രളയം മുതൽ കലിതുള്ളിപ്പെയ്യുന്ന കനത്ത മഴ മലയോര മേഖലകളെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ പ്രളയകാലങ്ങളിൽ പലയിടങ്ങളിലും യഥാസമയം എത്തിപ്പെടാൻ പോലും ഫയർഫോഴ്സിന് കഴിഞ്ഞിരുന്നില്ല. നിലമ്പൂരിൽ നിന്നോ പെരിന്തൽമണ്ണയിൽ നിന്നോ മിനിഫയർ സ്റ്റേഷനായ തിരുവാലിയിൽ നിന്നോ ഏറെദൂരം താണ്ടിവേണം ഇവിടങ്ങളിലേക്ക് അഗ്നിരക്ഷാസേനയ്ക്ക് എത്താൻ. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും പതിവായ ഈ അതിർത്തി ഗ്രാമങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തണമെങ്കിൽ പ്രാദേശികമായി ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചേ മതിയാകൂ.

ഇന്നും കാത്തിരിപ്പിൽ

  • വളാഞ്ചേരി, തേഞ്ഞിപ്പലം, വേങ്ങര എന്നിവിടങ്ങളിൽ പുതിയ ഫയർ സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
  • വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലുണ്ടായ കാലതാമസവുമാണ് ഈ പദ്ധതികളെ ചുവപ്പുനാടയിൽ കുടുക്കിയിട്ടിരിക്കുന്നത്.
  • നിലവിൽ ജില്ലയിൽ ഒമ്പത് ഫയർ സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണം പരിമിതമായ സൗകര്യങ്ങളുള്ള മിനി ഫയർ സ്റ്റേഷനുകളാണ്.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL