SignIn
Kerala Kaumudi Online
Sunday, 28 June 2026 7.43 PM IST

ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയെന്ന് കുടുംബം, അന്വേഷണം

READ ENGLISH VERSION

sreenath-reddy
മരിച്ച ശ്രീനാഥ് റെഡ്ഡി

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുള്ള താലമഡ്‌ല സ്വദേശി എസ് ശ്രീനാഥ് റെഡ്ഡിയാണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.

ജൂൺ 22ന് രാത്രി ലണ്ടനിൽവച്ച് നടന്ന സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ ശ്രീനാഥ് പങ്കെടുത്തിരുന്നു. അന്ന് രാത്രി ശ്രീനാഥുമായി ഫോണിൽ സംസാരിച്ചതായും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറയുന്നു. ജൂൺ 23നാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

ശ്രീനാഥ് മുറിയിൽ തൂങ്ങിമരിച്ചതാണെന്നാണ് റൂമിൽ ഒപ്പം താമസിച്ചിരുന്ന ആൾ പറഞ്ഞത്. എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടിട്ടും ഇയാൾ വളരെ വൈകിയാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചതെന്ന് ലണ്ടനിൽ താമസിക്കുന്ന ശ്രീനാഥിന്റെ ബന്ധു പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ശ്രീനാഥ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്. ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായ ശ്രീനാഥിനെ വലിയ തുക വിദ്യാഭ്യാസ വായ്പയെടുത്താണ് മാതാപിതാക്കൾ വിദേശത്തേക്ക് അയച്ചത്. മകന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ കുടുംബം ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾക്കായി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ഗോഫണ്ട്മീ വഴി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ലണ്ടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ലണ്ടനിലെ അധികൃതരുമായി ബന്ധപ്പെടണമെന്ന് ശ്രീനാഥിന്റെ പിതാവ് മധുസൂദൻ റെഡ്ഡി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇതുവരെ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസോ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, LONDON, DEATH, STUDENT, INDIAN STUDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360