SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

പുതിയ മന്ത്രിസഭയിൽ പാലക്കാട് നിന്ന് ആരൊക്കെ?

udf

പാലക്കാട്: വി.ഡി.സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ തയ്യാറെടുക്കുകയാണ്. കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പക്ഷേ ചൂട് പിടിച്ച ചർച്ചകളാണ്. പുതിയ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകും?​ പാലക്കാട് ജില്ലയ്ക്ക് മന്ത്രിമാർ ആരൊക്കെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് പൊതുജനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലയിൽ 2 മന്ത്രിമാർ ഉണ്ടായിരുന്നു,​ എം.ബി.രാജേഷും കെ.കൃഷ്ണൻകുട്ടിയും. ടീം യു.ഡി.എഫിന് ഇത്തവണ നെല്ലറ സമ്മാനിച്ചത് അഞ്ച് സീറ്റാണ്. കോൺഗ്രസിന് നാലും മുസ്ലിംലീഗിന് ഒരു എംഎൽഎയുമാണുള്ളത്. മന്ത്രി സ്ഥാനത്തു തിളങ്ങാനുള്ള മികവുള്ളവരാണു വിജയിച്ചവരെല്ലാം. ഇതിൽ തുടർച്ചയായി നാലാം തവണ മണ്ണാർക്കാട്ടുനിന്ന് വിജയിച്ച മുസ്ലിം ലീഗിലെ എൻ.ഷംസുദ്ദീന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പായി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഷംസുദ്ദീൻ മന്ത്രിയാകുമെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. എൻ.ഷംസുദ്ദീന് മന്ത്രിപദവി എന്നത് അർഹതക്കുള്ള അംഗീകാരമാണ്. മികച്ച പാർലിമെന്റേറിയൻ എന്ന് പേരെടുത്ത ഷംസുദ്ദീന്റെ കാര്യത്തിൽ പാണക്കാട് കുടുംബത്തിനും അനുകൂല നിലപാടാണുള്ളത്. കോൺഗ്രസിൽ വി.ടി.ബൽറാമാണ് മന്ത്രിയാകാൻ കൂടുതൽ സാദ്ധ്യതയുള്ള ഒരാൾ. മൂന്നാം തവണ വിജയിച്ച ബൽറാം കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയാണ്. നിയമസഭാ പരിചയമുള്ള ബൽറാമിനെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കാൻ സാധ്യതയുണ്ട്. സംവരണ മണ്ഡലമായ കോങ്ങാട്ടുനിന്നു ജയിച്ച കെ.എ.തുളസിയാണ് മന്ത്രിസ്ഥാനം ലഭിക്കാനിടയുള്ള മറ്റൊരാൾ. പുതുമുഖമാണെങ്കിലും സംഘടനാ പ്രവർത്തനത്തിൽ ദീർഘകാല പരിചയമുണ്ട്. കോൺഗ്രസിൽ വി.ടി.ബൽറാം മന്ത്രിമാരുടെ സാദ്ധ്യത പട്ടികയിൽ മുൻനിരയിലാണ്. പി.സി.വിഷ്ണുനാഥ്, എം.ലിജു, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അക്കൂട്ടത്തിൽ നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ ബൽറാമിന്റെ പേരും ഉണ്ടെന്നാണ് സൂചന. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന എം.ബി.രാജേഷിനെ തീപാറിയ പോരാട്ടത്തിൽ മുട്ടുകുത്തിച്ചാണ് തൃത്താല തിരിച്ചുപിടിച്ചത്.

ആദ്യമായാണ് നിമസഭയിലെത്തുന്നതെങ്കിലും ദീർഘകാലമായി പൊതുപ്രവർത്തന രംഗത്തുള്ളയാളാണ് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ഭാര്യകൂടിയായ കെ.എ.തുളസി. കോങ്ങാട് സംവരണ സീറ്റിൽ നിന്ന് ജയിച്ചുകയറിയ അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് അറിയുന്നത്. പുതിയ മന്ത്രിസഭയിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കാൻ യു.ഡി.എഫ് ആലോചിച്ചാൽ കെ.എ.തുളസിക്കും നറുക്ക് വീണേക്കാം. അതേസമയം ജനപ്രതിനിധി എന്ന നിലയിൽ തുടക്കക്കാരി എന്നതും ഒരേ വീട്ടിൽ നിന്ന് എം.പിക്ക് പുറമേ ഒരു മന്ത്രി എന്നതും സംഘടനാ തലത്തിൽ ചോദ്യം ഉയരാൻ സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL