പാലക്കാട്: 2017ൽ ശിലാസ്ഥാപനം നടത്തിയ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തിയാകുന്നതിനുള്ള ജനങ്ങളുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. റെയിൽവേയുടെ ഭാഗത്തെ ജോലികൾ 90 ശതമാനത്തിലേറെ പൂർത്തിയായി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപറേഷന്റെ (ആർ.ബി.ഡി.സി.കെ) ഭാഗത്തെ ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിലവിൽ റെയിലിന് മുകളിലെ ഭാഗത്തെ രണ്ടറ്റത്തെ ഭാഗങ്ങളുമായി കൂട്ടിച്ചേർക്കുന്ന ജോലിയാണ് പ്രധാനമായും നടക്കുന്നത്. കല്ലേക്കുളങ്ങര റോഡുമായി ചേർക്കുന്ന ഭാഗത്ത് ഇരുമ്പുപാളികൾ സ്ഥാപിച്ചിട്ടുണ്ട്. ആണ്ടിമഠം റോഡുമായി ചേരുന്ന ഭാഗത്തെ വിടവ് നികത്താനുണ്ട്. ഇരുസ്ഥലങ്ങളിലും സ്ളാബുകൾ സ്ഥാപിക്കണം. വശത്തെ നടപ്പാതകളുടെ പണിയും തീർക്കാനുണ്ട്. ആണ്ടിമഠം ഭാഗത്തെ കലുങ്കുനിർമാണം പൂർത്തിയായിട്ടില്ല. ജല അതോറിറ്റിയുടെ പൈപ്പ് ഇതിലൂടെ പോകുന്നതിനാൽ അവരുടെ സഹകരണത്തോടെയേ കലുങ്കുപണി പൂർത്തിയാക്കാനാവൂ. ജല അതോറിറ്റിയുമായുള്ള ചില ആശയക്കുഴപ്പങ്ങൾമൂലം പണി നീണ്ടുപോകുകയാണെന്ന് അധികൃതർ പറഞ്ഞു. കല്ലേക്കുളങ്ങര ഭാഗത്ത് സർവീസ് റോഡിൽ കാര്യമായ പണിയൊന്നും നടത്തിയിട്ടില്ല. റെയിൽവേയുടെ പണികൾ 90 ശതമാനവും പൂർത്തിയായി. പണിക്കിടെ തകർന്ന റെയിൽവേസ്റ്റേഷൻ ഭാഗത്തുള്ള ഓവുചാൽ പഴയരീതിയിലാക്കലും ജൂൺ ആദ്യം പൂർത്തീകരിച്ചു. പണികൾ പുരോഗമിക്കുകയാണെന്നും ആഗസ്റ്റ് 30ഓടെ പൂർത്തിയാക്കുമെന്നുമാണ് ആർ.ബി.ഡി.സി.കെ. അധികൃതർ പറയുന്നത്.
യാത്രാദുരിതത്തിന് അറുതിയില്ല
2017ൽ തറക്കല്ലിട്ട പാലത്തിന്റ നിർമ്മാണം തുടങ്ങിയത് 2021ലാണ്. പാലം നിർമ്മാണം ആരംഭിച്ച അന്ന് നിറുത്തിയതാണ് ഇതുവഴിയുള്ള ബസ് സർവീസുകൾ. നിലവിൽ ബസുകൾ മറ്റു വഴികളിലൂടെയാണു പോകുന്നത്. നടക്കാവ് റെയിൽവേ ട്രാക്കിന് അപ്പുറവും ഇപ്പുറവും വരെ മാത്രമേ വാഹനങ്ങൾക്ക് വരാനാകൂ. അടിയന്തരഘട്ടത്തിൽ വൈദ്യസഹായം ലഭ്യമാക്കണമെങ്കിൽ പോലും കിലോമീറ്ററുകളോളം ചുറ്റിപ്പോകേണ്ട സ്ഥിതിയാണ്. പാലം പണി തീർക്കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞിരുന്നു. ഇതോടെ, അന്നത്തെ കളക്ടറായിരുന്ന എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ ദക്ഷിണ റെയിൽവേ ചീഫ് അഡിമിനിസ്‌ട്രേറ്റീവ് ഓഫീസറെയും ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥരെയും അകത്തേത്തറയിലെ ജനകീയസമിതി പ്രവർത്തകരെയും ചേർത്ത് യോഗം വിളിച്ചിരുന്നു. ജോലികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കളക്ടർ നിർദേശവും നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |