പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതോടെ ഷൊർണൂർ - നിലമ്പൂർ റെയിൽപാതയുടെ വികസന പ്രതീക്ഷകൾക്കും തിരിച്ചടിയാകുമെന്ന ആശങ്ക ശക്തം. മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം പാലക്കാട് ഡിവിഷന്റെ പ്രവർത്തന പരിധി കുറയ്ക്കുന്നതോടൊപ്പം ഷൊർണൂർ - നിലമ്പൂർ പാതയ്ക്കായി ഉയരുന്ന പുതിയ ആവശ്യങ്ങൾക്ക് റെയിൽവേ തലത്തിൽ ലഭിക്കേണ്ട മുൻഗണനയെയും ബാധിക്കുമോ എന്നതാണ് ആശങ്ക.
വൈദ്യുതീകരണം പൂർത്തിയായിട്ടും പാതയിൽ ആവശ്യത്തിന് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ഷൊർണൂർ-നിലമ്പൂർ പാതയിൽ കൂടുതൽ മെമു സർവീസുകളും ദീർഘദൂര ട്രെയിനുകളും അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഡിവിഷന്റെ പുനഃക്രമീകരണം കൂടിവരുന്നതോടെ ഇത്തരം ആവശ്യങ്ങളിൽ തീരുമാനം വൈകാനാണ് സാദ്ധ്യത. നിലമ്പൂരിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നേരിട്ടുള്ള ദീർഘദൂര ട്രെയിൻ സർവീസ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. പാതയുടെ വൈദ്യുതീകരണവും സ്റ്റേഷൻ വികസനവും പൂർത്തിയാകുന്ന സാഹചര്യത്തിൽ ദീർഘദൂര സർവീസുകൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള നീക്കമാണ് ഇനി വേണ്ടത്. 24 കോച്ചുകളുള്ള ട്രെയിനുകൾ കൈകാര്യംചെയ്യാൻ കഴിയുന്ന തരത്തിൽ നിലമ്പൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വികസനം നടക്കുകയാണ്. പാലക്കാട് ഡിവിഷന്റെ പരിധി ചുരുങ്ങുന്ന സാഹചര്യത്തിൽ ഷൊർണൂർ - നിലമ്പൂർ പാതയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്. പുതിയ മെമു സർവീസുകൾ, ദീർഘദൂര ട്രെയിനുകൾ, പാർസൽ സർവീസ് പുനരാരംഭിക്കൽ, സ്റ്റേഷൻ - യാർഡ് വികസനം എന്നിവയെല്ലാം ഒരുമിച്ച് പരിഗണിച്ചുള്ള സമഗ്ര വികസന പദ്ധതിയാണ് ഇനി വേണ്ടത്. ഡിവിഷൻ ചുരുങ്ങുമ്പോൾ നിലമ്പൂരിന്റെ റെയിൽ സ്വപ്നങ്ങളും ചുരുങ്ങരുത്. വൈദ്യുതീകരണം പൂർത്തിയായ പാതയിൽ ട്രെയിനുകളുടെ എണ്ണം കൂട്ടാതെ വികസനം പൂർത്തിയാകില്ലെന്നതാണ് യാത്രക്കാരുടെ ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |